ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ കോടതി വിധി ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും. കേസിലെ വാദങ്ങൾ പൂർത്തിയായി. ബോബി ചെമ്മണ്ണൂർ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഭാരതീയ ന്യായ സംഹിത പ്രകാരം ചുമത്തിയ വകുപ്പുകൾ ജാമ്യം നിഷേധിക്കാൻ പോന്നതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. മോശമായി സംസാരിച്ചിട്ടില്ലെന്നും കേസിന് ആസ്പദമായ പരിപാടിയുടെ മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കിയിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു.
വിഡിയോ കൂടി കണ്ട ശേഷമായിരിക്കും കോടതി വിധി പറയുക. വിഡിയോ ചേമ്പറിൽ കാണാനും സാധ്യതയുണ്ട്. വിഡിയോ കാണുന്നതിൽ എതിർപ്പുണ്ടോ എന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചിരുന്നു. ഇലക്ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് എന്ന് പ്രതിഭാഗം വാദിച്ചു. അതിനാൽ മുഴുവൻ ദൃശ്യങ്ങളും കാണണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സമൂഹമാധ്യമങ്ങളിൽ മോശം പരാമർശം നടത്തുന്നവർക്ക് അതൊരു പ്രോത്സാഹനമാകുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പല അഭിമുഖങ്ങളിലും ബോബി ചെമ്മണ്ണൂർ മോശം പരാമർശങ്ങൾ ആവർത്തിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ലൈംഗിക ചുവയോടെ സ്ത്രീ ശരീരത്തെ വർണ്ണിക്കുന്നത് ലൈംഗിക അതിക്രമം തന്നെയാണ്. “കുന്തി ദേവിയായി അഭിനയിച്ച നടിയെ പോലെയുണ്ട് ഹണിയെ കാണാൻ” എന്നാണ് ബോബി ചെമ്മണ്ണൂർ പറഞ്ഞതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രതി മോശം പരാമർശങ്ങൾ ആവർത്തിക്കുകയാണെന്നും ജാമ്യം നൽകിയാൽ നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. റിമാൻഡോ ജാമ്യമോ എന്ന് അല്പ സമയത്തിനകം അറിയാൻ സാധിക്കും.
Story Highlights: The verdict in the sexual harassment case against Bobby Chemmanur is expected this afternoon, with the prosecution arguing against bail and the defense presenting the entire video of the incident.