നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു. വയനാട്ടിൽ നിന്നാണ് കൊച്ചി പോലീസ് ഇന്നലെ രാവിലെ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചി സെൻട്രൽ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്.
റിമാൻഡ് ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മാപ്പ് പറയാനില്ലെന്നും ബോബി ചെമ്മണ്ണൂർ ആവർത്തിച്ചു. കസ്റ്റഡിയിലായ സമയം മുതൽ തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടാണ് ബോബി ചെമ്മണ്ണൂർ സ്വീകരിച്ചിരുന്നത്. ജില്ലാ കോടതിയിൽ അപ്പീലിന് പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോടതി ഉത്തരവിനെ തുടർന്ന് ബോബി ചെമ്മണ്ണൂർ തലകറങ്ങി വീണിരുന്നു. ആശുപത്രിയിലേക്ക് പോലീസ് വാഹനം കൊണ്ടുപോകുന്നത് ബോബിയുടെ അനുയായികൾ തടയാൻ ശ്രമിച്ചത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. വൈദ്യപരിശോധനകൾക്ക് ശേഷമാണ് ജയിലിൽ പ്രവേശിപ്പിച്ചത്. നടി ഹണി റോസ് നൽകിയ രഹസ്യമൊഴി കൂടി പരിഗണിച്ചാകും തുടർനടപടികളെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി അറിയിച്ചു.
റിമാൻഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിസിപി വ്യക്തമാക്കി. എന്നാൽ, ഇക്കാര്യത്തിൽ കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ഡിസിപി കൂട്ടിച്ചേർത്തു. ഹണി റോസിന്റെ പരാതിക്ക് 24 മണിക്കൂറിനുള്ളിൽ തന്നെയാണ് പോലീസ് കർശന നടപടി സ്വീകരിച്ചത്.
ബോബി ചെമ്മണ്ണൂർ തനിക്കെതിരെ നിരന്തരം ലൈംഗികാധിക്ഷേപം നടത്തിയെന്നായിരുന്നു ഹണി റോസിന്റെ പരാതി. സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ 75-ാം വകുപ്പിലെ വിവിധ ഉപവകുപ്പുകൾ പ്രകാരവും സാമൂഹ്യ മാധ്യമങ്ങൾ വഴി അപമാനിച്ചതിന് ഐടി ആക്ടിലെ 67ാം വകുപ്പും ഉൾപ്പടെ ജാമ്യമില്ലാ കുറ്റങ്ങളാണ് ബോബിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Story Highlights: Businessman Bobby Chemmannur remanded in judicial custody for 14 days following sexual harassment complaint by actress Honey Rose.