ഉത്തർപ്രദേശിലെ ഹാഥ്റസിൽ കൻവര് തീർഥാടകരെ മുസ്ലിങ്ങളെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ച ബിജെപി നേതാവ് അറസ്റ്റിലായി. ഹാഥ്റസ് ശാഖാ ബിജെപി യുവമോർച്ച വൈസ് പ്രസിഡന്റ് ഗജേന്ദ്ര റാണയാണ് കേസിൽ പിടിയിലായത്. മധ്യപ്രദേശിൽ നിന്നുള്ള തീർഥാടകരാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.
പെട്രോൾ പമ്പിൽ വിശ്രമിക്കുകയായിരുന്ന തീർഥാടകരെ മദ്യലഹരിയിലായിരുന്ന ഗജേന്ദ്ര സ്ഥലം വിടാൻ ആവശ്യപ്പെട്ടു. കാഷായ വസ്ത്രം ധരിച്ചെത്തിയ മുസ്ലിങ്ങളാണെന്നും ശ്രാവണ മാസം കഴിഞ്ഞിട്ടും കാവഡ് തീർഥാടകരെന്ന വ്യാജേന എത്തിയതാണെന്നും ആരോപിച്ച് ഇയാൾ ചോദ്യം ചെയ്യാൻ തുടങ്ങി. തീർഥാടകർ ആധാർ കാർഡ് കാണിച്ചിട്ടും ഇവരെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഹരിദ്വാറിൽ നിന്ന് തീർഥം ശേഖരിച്ചു വരികയാണെന്നും വെറുതെ വിടണമെന്നും അപേക്ഷിച്ചെങ്കിലും ആക്രമണം തുടർന്നു.
തീർഥാടകരുടെ ഫോൺ വിളിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. എന്നാൽ ബിജെപി നേതാവ് പൊലീസുകാർക്കു നേരെയും തിരിഞ്ഞു. ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും യൂണിഫോം പിടിച്ചുവലിച്ച് കീറുകയും ചെയ്തു. പിന്നീട് കൻവര് തീർഥാടകരുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ത്യൻ എക്സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
Story Highlights: BJP youth wing leader arrested in Uttar Pradesh for attacking Kanwar pilgrims mistaken as Muslims