സി.പി.എം അണികളുടെ അസംതൃപ്തി: നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം

Anjana

കേരളത്തിലെ സി.പി.എം അണികൾ ഇപ്പോൾ കടുത്ത അസംതൃപ്തിയിലാണ്. നേതാക്കളുടെ പാർട്ടി വിരുദ്ധ നിലപാടുകളും, ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയും അവരെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരിക്കുന്നു. പാർട്ടിയുടെ കീഴ്ഘടകങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾ പോലും വിമർശന വിധേയമാകുന്നുണ്ട്. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനാണ് പ്രധാന വിമർശന ലക്ഷ്യം. ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കർ ജയരാജന്റെ വീട്ടിൽ സന്ദർശനം നടത്തിയത് അണികളെ പ്രകോപിപ്പിച്ചു. ഈ സംഭവം വരാനിരിക്കുന്ന സംസ്ഥാന സമ്മേളനം വരെ ചർച്ചയാകുമെന്ന് ഉറപ്പാണ്. കണ്ണൂർ ലോബിയുടെ പാർട്ടി ഭരണം കേരളത്തിൽ സി.പി.എമ്മിന് പിന്നോട്ടടി മാത്രമാണ് നൽകിയതെന്ന് അണികൾ വിലയിരുത്തുന്നു. ബി.ജെ.പിയുടെ വോട്ട് ഷെയറിലെ വർദ്ധന കോൺഗ്രസ് വോട്ടുകൾ മാത്രമല്ലെന്നും അവർ സംശയിക്കുന്നു. ബ്രാഞ്ച് കമ്മിറ്റികളിൽ നേതാക്കൾക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. ‘പ്രകാശ് ജാവദേക്കർ ജയരാജന്റെ വീട്ടിൽ വന്നതിന് തെറ്റില്ല, ചായകുടിച്ചതിനും തെറ്റില്ല. എന്നാൽ, കൊച്ചു മകന്റെ നൂലു കെട്ടിന് വരാൻ അയാളുടെ കുഞ്ഞമ്മയുടെ മോനൊന്നുമല്ലല്ലോ ജാവദേക്കർ’ എന്നാണ് ഒരു ബ്രാഞ്ച് കമ്മിറ്റിയിൽ അണികൾ പ്രതികരിച്ചത്. പാർട്ടി നേതാക്കളെ കുറിച്ചുള്ള ഈ ചർച്ചകൾ പൊതുവേ പുറംലോകം അറിയാറില്ല. എന്നാൽ ചില സഖാക്കൾ ഇത്തരം വിശദാംശങ്ങൾ പുറത്തുപറയുന്നുണ്ട്. ഇ.പി. ജയരാജനെ മാത്രമല്ല, പാർട്ടിയിലെ മറ്റു പ്രമുഖ നേതാക്കളെയും അണികൾ കമ്മിറ്റികളിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്.