ഉപതെരഞ്ഞെടുപ്പിൽ പാലക്കാടും ചേലക്കരയും ജയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രസ്താവിച്ചു. എൻഡിഎ യുദ്ധത്തിന് ഒരുങ്ങി നിൽക്കുകയാണെന്നും, ബിജെപി ചരിത്രത്തിലെ മികച്ച പ്രകടനം ഈ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത മുന്നേറ്റം ഉണ്ടാകുമെന്നും, വളരെ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് തയാറെടുക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
എൽഡിഎഫിന് പകരം യുഡിഎഫ്, യുഡിഎഫിന് പകരം എൽഡിഎഫ് എന്ന രാഷ്ട്രീയ സമവാക്യം ഈ ഉപതെരഞ്ഞെടുപ്പോടുകൂടി ഇല്ലാതാകുമെന്ന് കെ സുരേന്ദ്രൻ പ്രസ്താവിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആരംഭിച്ച ബിജെപി താരോദയം ഈ ഉപതെരഞ്ഞെടുപ്പുകളിൽ ആവർത്തിക്കുമെന്നും, എൽഡിഎഫിനും യുഡിഎഫിനെതിരായ ശക്തമായ പൊതുജനാഭിപ്രായം രൂപപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയും എൻഡിഎയും ചരിത്രത്തിലെ ഉജ്വല പ്രകടനമായിരിക്കും കാഴ്ചവെക്കുകയെന്നും സുരേന്ദ്രൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
സ്ഥാനാർത്ഥികളെ വൈകാതെ പ്രഖ്യാപിക്കുമെന്നും, സ്ഥാനാർത്ഥികളുടെ നിർദേശം കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്നും കെ സുരേന്ദ്രൻ വെളിപ്പെടുത്തി. ഓരോ മണ്ഡലത്തിലും മൂന്ന് പേരുകൾ നിർദേശിച്ചിട്ടുണ്ടെന്നും, വിജയ സാധ്യത കൂടുതലുള്ളവർ സ്ഥാനാർഥിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ പട്ടികയ്ക്ക് പുറത്തു നിന്നുള്ളവരേയും സ്ഥാനാർഥികളായി പ്രതീക്ഷിക്കാമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Story Highlights: BJP state president K Surendran confident of winning by-elections in Palakkad and Chelakkara