മഹാരാഷ്ട്രയിലെ ഗോറായില് ഒരു ബീഹാര് സ്വദേശിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച നിലയില് കണ്ടെത്തി. രഘുനന്ദന് പാസ്വാന് (21) എന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില് ഒരാള് അറസ്റ്റിലായതായും മറ്റൊരു പ്രതിക്കായി തിരച്ചില് തുടരുന്നതായും മുംബൈ പോലീസ് അറിയിച്ചു. ഷെഫാലി ഗ്രാമത്തിലെ താമസക്കാരാണ് ദുര്ഗന്ധം വമിക്കുന്ന ബാഗില് നിന്ന് മൃതദേഹം കണ്ടെത്തിയത്. പൊലീസ് ബാഗ് തുറന്നപ്പോള് മൃതദേഹം നാല് പെട്ടികളിലായി കഷണങ്ങളാക്കി സൂക്ഷിച്ച നിലയിലായിരുന്നു.
അന്യമതക്കാരിയുമായുള്ള ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. പതിനേഴുകാരിയുമായി രഘുനന്ദന് പ്രണയബന്ധം ഉണ്ടായിരുന്നു. തുടര്ന്ന് പെണ്കുട്ടിയെ സഹോദരന്മാരില് ഒരാളോടൊപ്പം മുംബൈയിലേക്ക് മാറ്റി താമസിപ്പിച്ചു. ഒക്ടോബര് 31 ന് സുഹൃത്തുക്കള്ക്കൊപ്പം മുംബൈയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് രഘുനന്ദന് അവസാനമായി ഫോണ് വിളിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഫോണ് സ്വിച്ച് ഓഫ് ആയി.
ഭയന്ദറിലാണ് കൊലപാതകം നടന്നതെന്നും, അവിടെ നിന്ന് ഓട്ടോറിക്ഷയില് കൊണ്ടുവന്ന മൃതദേഹം പെണ്കുട്ടിയുടെ സഹോദരന്മാര് ഗോറായില് ഉപേക്ഷിച്ചതായും കണ്ടെത്തി. മൃതദേഹത്തിന്റെ വലതു കൈയിലെ ‘RA’ എന്ന ടാറ്റൂവില് നിന്നാണ് രഘുനന്ദന്റെ പിതാവ് ജിതേന്ദ്ര പാസ്വാന് മകനെ തിരിച്ചറിഞ്ഞത്. പൂനെയില് തൊഴിലാളിയായിരുന്ന രഘുനന്ദന് ദീപാവലി അവധിക്ക് നാട്ടിലെത്തിയിരുന്നു. മുമ്പ് ബീഹാറിലെ ഒരു ആശുപത്രിയില് ജോലി ചെയ്തിരുന്നപ്പോഴാണ് പെണ്കുട്ടിയെ പരിചയപ്പെട്ടത്. ബന്ധത്തെക്കുറിച്ച് വീട്ടുകാര് അറിഞ്ഞതോടെ രഘുനന്ദന്റെ ജ്യേഷ്ഠന് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് വെളിപ്പെടുത്തി.
Story Highlights: Bihar man found murdered and dismembered in Maharashtra’s Goral, one arrested in connection with interfaith relationship