ഔറംഗാബാദ് (ബിഹാര്): ദുര്മന്ത്രവാദത്തിന്റെ പേരില് 65കാരനായ യുഗാല് യാദവിനെ കൊലപ്പെടുത്തിയ സംഭവത്തില് നാലുപേര് അറസ്റ്റിലായി. മാര്ച്ച് 13നാണ് യുഗാല് യാദവിനെ കാണാനില്ലെന്ന് പരാതി ലഭിച്ചത്. തുടര്ന്ന്, പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. അയല്ഗ്രാമമായ ബാംഗറിലെ ഹോളികാ ദഹനില് നിന്നും മനുഷ്യന്റെ എല്ലുകള് കണ്ടെത്തിയതോടെയാണ് കേസ് വഴിത്തിരിവായത്.
പരിശോധന ശക്തമാക്കിയതോടെ കത്തിയ നിലയില് എല്ലുകളും യാദവിന്റെ സ്ലിപ്പറുകളും കണ്ടെത്തി. തുടര്ന്ന് ദുര്മന്ത്രവാദം നടത്തുന്ന രാമശിഷ് റിക്യാസന്നിന്റെ വീട്ടില് പരിശോധന നടത്തിയ പൊലീസ് ഇയാളുടെ ബന്ധുവായ ധര്മേന്ദ്രയെ കസ്റ്റഡിയിലെടുത്തു. ധര്മേന്ദ്രയുടെ മൊഴിയാണ് കേസില് നിര്ണായകമായത്.
യാദവിനെ തട്ടിക്കൊണ്ടുവന്ന് ദുര്മന്ത്രവാദത്തിനായി കൊലപ്പെടുത്തിയെന്നാണ് ധര്മേന്ദ്ര പൊലീസിനോട് പറഞ്ഞത്. ഈ മൊഴിയുടെ അടിസ്ഥാനത്തില് യാദവിന്റെ അറുത്തെടുത്ത തല സമീപത്തുള്ള വയലില് നിന്നും കണ്ടെടുത്തു. ഒരു കുട്ടി വേണമെന്ന ആവശ്യവുമായി രാമശിഷിനെ സമീപിച്ച സുധീര് പാസ്വാന് എന്നയാള്ക്ക് വേണ്ടിയായിരുന്നു ഈ കൊലപാതകം. ധര്മേന്ദ്രയുടെ വെളിപ്പെടുത്തല് പ്രകാരം ഇതിന് മുമ്പ് ഒരു കൗമാരക്കാരനെയും ഇതേ രീതിയില് കൊലപ്പെടുത്തിയിട്ടുണ്ട്.
സുധീര് പാസ്വാന്, ധര്മേന്ദ്ര എന്നിവരടക്കം നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില് പ്രായപൂര്ത്തിയാകാത്ത ഒരു കുട്ടിയും ഉള്പ്പെടുന്നു. ഔറംഗസേബ് പൊലീസ് സൂപ്രണ്ട് അംബരീഷ് രാഹുലാണ് കേസിന്റെ വിവരങ്ങള് പുറത്തുവിട്ടത്. കൊല്ലപ്പെട്ട യുഗാല് യാദവ് ഗുലാബ് ബിഗാ ഗ്രാമവാസിയാണ്. ദുര്മന്ത്രവാദം നടത്തിയ രാമശിഷ് ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
Story Highlights: A 65-year-old man was beheaded and his body burned in a ritualistic killing linked to black magic in Aurangabad, Bihar.