കൊച്ചി◾: ഭൂട്ടാനില് നിന്നുള്ള വാഹനക്കടത്ത് അന്വേഷിക്കുന്നതിനായി റോയല് ഭൂട്ടാന് കസ്റ്റംസ് സംഘം കേരളത്തിലേക്ക് വരുന്നു. അടുത്തയാഴ്ച സംഘം കൊച്ചിയിലെത്തി കസ്റ്റംസ് അധികൃതരുമായി കൂടിക്കാഴ്ച നടത്തും. അനധികൃതമായി കടത്തിയ വാഹനങ്ങളുടെ വിവരങ്ങള് കസ്റ്റംസില് നിന്ന് സംഘം തേടും.
ഇന്ത്യയിലേക്ക് എത്തിയ എസ്യുവി, ലക്ഷ്വറി വാഹനങ്ങള് അനധികൃതമായിരിക്കാമെന്ന് ഭൂട്ടാന് ട്രാന്സ്പോര്ട്ട് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് അന്വേഷണം നടത്തുമെന്ന് ഭൂട്ടാന് റവന്യൂ കസ്റ്റംസും അറിയിച്ചിട്ടുണ്ട്. വാഹനങ്ങള് പിടികൂടിയ സമയത്ത് ഭൂട്ടാന് കസ്റ്റംസ് സമാന്തരമായ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ വിവരങ്ങള് കൊച്ചിയിലെ കസ്റ്റംസിന് കൈമാറും.
ഇന്ത്യയിലേക്ക് വാഹനങ്ങള് കടത്തിയ സംഭവത്തില് ഭൂട്ടാന് ട്രാന്സ്പോര്ട്ട് അതോറിറ്റിയും കസ്റ്റംസും നേരത്തെ പ്രതികരിച്ചിരുന്നു. ഭൂട്ടാനിലെ ഒരു മുൻ സൈനിക ഉദ്യോഗസ്ഥനെ റോയൽ ഭൂട്ടാൻ കസ്റ്റംസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തിക്കഴിഞ്ഞു.
ഇന്ത്യയില് ഭൂട്ടാന് പൗരന്റെ വാഹനം ഉപയോഗിക്കുന്നതിന് നിയമപരമായ തടസ്സങ്ങളില്ല. അതിനു ശേഷം NOC നല്കും. എന്നാൽ ചില നടപടിക്രമങ്ങള് പാലിക്കേണ്ടതുണ്ട്. ഭൂട്ടാനിലുള്ള വാഹനം ഇന്ത്യയില് ഉപയോഗിക്കുന്നതിന്, ആദ്യം ഭൂട്ടാന് ട്രാന്സ്പോര്ട്ട് അതോറിറ്റിയില് ഡി-രജിസ്ട്രേഷന് നടത്തണം.
ഇതുവരെ ഒരു എസ്യുവി ലക്ഷ്വറി വാഹനങ്ങളും ഡി രജിസ്റ്റര് ചെയ്തിട്ടില്ലെന്ന് ഭൂട്ടാന് ട്രാന്സ്പോര്ട്ട് അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില് മാത്രമേ ഇന്ത്യയിലേക്ക് വാഹനങ്ങള് എത്തിക്കാന് സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഇന്ത്യയിലേക്ക് എത്തിയിട്ടുള്ള SUV വാഹനങ്ങള് അനധികൃതമായി എത്തിച്ചതാണെന്ന് ഭൂട്ടാന് ട്രാന്സ്പോര്ട്ട് അതോറിറ്റി സംശയിക്കുന്നു.
അനധികൃത വാഹന കടത്തിനെക്കുറിച്ച് റോയൽ ഭൂട്ടാൻ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് കസ്റ്റംസ് സംഘം കേരളത്തിലേക്ക് വരുന്നത്. ഈ വിഷയത്തില് വിശദമായ അന്വേഷണം നടത്താന് റോയല് ഭൂട്ടാന് കസ്റ്റംസ് തീരുമാനിച്ചു.
Story Highlights : Royal Bhutan Customs team to Kerala to investigate