ഒമ്പത് മണിക്ക് ക്യൂവിൽ നിൽക്കുന്ന എല്ലാവർക്കും മദ്യം നൽകണമെന്ന് ബിവറേജസ് കോർപ്പറേഷൻ പുതിയ സർക്കുലർ പുറത്തിറക്കി. ക്യൂവിൽ നിൽക്കുന്നവർക്ക് മദ്യം ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ ബിവറേജസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെയാണ് നിലവിൽ ബിവറേജസ് ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയം. സാധാരണ ഔട്ട്ലെറ്റുകൾക്കും പ്രീമിയം ഔട്ട്ലെറ്റുകൾക്കും ഈ ഉത്തരവ് ബാധകമാണ്.
മദ്യം വാങ്ങാനെത്തുന്നവരെ സമയം കഴിഞ്ഞെന്ന് പറഞ്ഞ് മടക്കി അയക്കുന്ന സംഭവങ്ങൾ ആവർത്തിച്ചതിനെ തുടർന്നാണ് ഈ സർക്കുലർ പുറത്തിറക്കിയതെന്ന് ബിവറേജസ് അധികൃതർ വ്യക്തമാക്കി. എന്നാൽ, ഈ സർക്കുലറിനെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ബിവറേജസ് ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു.
ക്യൂ നീണ്ടുപോയാൽ നിയമലംഘനമാകുമെന്ന് ഐഎൻടിയുസി യൂണിയൻ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ ഷോപ്പ് ഇൻസെന്റീവ് വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാതെയാണ് ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയതെന്നും ജീവനക്കാരുടെ സംഘടനകൾ ആരോപിച്ചു. സർക്കുലർ ഉടൻ പിൻവലിച്ചില്ലെങ്കിൽ സമരം ചെയ്യുമെന്നും ജീവനക്കാരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകി.
Story Highlights: Bevco issued a circular mandating alcohol service to everyone in queue by 9 pm.