കാമുകിയെ വിഷം നൽകി കൊലപ്പെടുത്തിയതിന് 53 വയസ്സുള്ള സോഫ്റ്റ്വെയർ എഞ്ചിനീയറെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു. ഇമാദ് ബാഷ എന്നയാളാണ് കൊലപാതകത്തിന് പിന്നിൽ. 45 വയസ്സുള്ള ഉസ്മ ഖാൻ എന്ന സ്ത്രീയെയാണ് കൊലപ്പെടുത്തിയത്. മറ്റൊരു പുരുഷനെ വിവാഹം കഴിക്കാൻ ഉസ്മ തീരുമാനിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. സ്പൈസ് ഗാർഡനിലെ താമസക്കാരനായ ഇമാദ് ബാഷയും ഉസ്മ ഖാനും എട്ട് വർഷം മുമ്പ് പങ്കാളികളിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. വിവാഹിതരാകാതെ തന്നെ ഇരുവരും ബന്ധം തുടർന്നു.
പത്ത് മാസം മുമ്പ് ബാഷ മുംബൈയിലേക്ക് താമസം മാറി. ഉസ്മ അമ്മയുടെ വീട്ടിലേക്ക് മാറി. പിന്നീട് ബാഷ ബെംഗളൂരുവിലേക്ക് മടങ്ങിവന്ന് കുണ്ടലഹള്ളിയിലെ ദീപം അപ്പാർട്ട്മെന്റിൽ താമസമാക്കി. ഉസ്മ ഇടയ്ക്കിടെ ബാഷയെ സന്ദർശിക്കാറുണ്ടായിരുന്നു. ഒരിക്കൽ ബാഷ ഉസ്മയുടെ ഫോൺ ക്ലോൺ ചെയ്ത് സന്ദേശങ്ങൾ നിരീക്ഷിച്ചു.
ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന പാകിസ്ഥാൻ പൗരനെ വിവാഹം കഴിക്കാൻ ഉസ്മ പദ്ധതിയിട്ടിരുന്നു. ഇത് ബാഷയ്ക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഡിസംബർ 31ന് പുതുവത്സരാഘോഷത്തിന് ഉസ്മയെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. രാത്രി 12.30 വരെ ഉസ്മ ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ജനുവരി 1ന് ഉച്ചയോടെ, ഉസ്മയുമായുള്ള ബന്ധത്തിൽ ആദ്യഭാര്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും അതിനാൽ ഉസ്മയോടൊപ്പം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്നും ബാഷ ബന്ധുക്കൾക്ക് സന്ദേശം അയച്ചു. ഉസ്മയുടെ സഹോദരൻ ഹിമായത്ത് ഖാൻ പോലീസിൽ വിവരമറിയിച്ചു.
ഉച്ചയ്ക്ക് ഒരു മണിയോടെ പോലീസ് സ്ഥലത്തെത്തിയപ്പോൾ ഉസ്മ മരിച്ചിരുന്നു. ജീവനോടെയുണ്ടായിരുന്ന ബാഷയെ ആശുപത്രിയിലേക്ക് മാറ്റി. തുടർ അന്വേഷണത്തിലാണ് ബാഷയുടെ കള്ളി വെളിച്ചത്തായത്. ഡിസിപി (വൈറ്റ്ഫീൽഡ്) ശിവകുമാർ ഗുണാരെയാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകക്കുറ്റം ചുമത്തി ബാഷയെ അറസ്റ്റ് ചെയ്തു.
Story Highlights: A 53-year-old software engineer in Bengaluru has been arrested for allegedly poisoning his 45-year-old girlfriend after she decided to marry another man.