ഒഡിഷയിലെ ചന്ദഹണ്ഡിയിലെ ഫുന്ദെല്\u200dപദ ഗ്രാമത്തിൽ ഒരു മാസം പ്രായമുള്ള കുഞ്ഞിന് നേരെ ക്രൂരമായ പീഡനം നടന്നതായി റിപ്പോർട്ട്. കടുത്ത പനി മാറാത്തതിനെ തുടർന്ന് പാരമ്പര്യ ചികിത്സകന്റെ അടുത്തെത്തിയപ്പോഴാണ് സരോജ് കുമാര്\u200d നായകിന്റെ കുഞ്ഞിന് ക്രൂരമായ പീഡനം ഏല്\u200dക്കേണ്ടി വന്നത്. രോഗം ഭേദമാക്കാനെന്ന വ്യാജേന ചൂടാക്കിയ ഇരുമ്പുവടി കുഞ്ഞിന്റെ ദേഹത്ത് നാല്പത് തവണ പൊള്ളിച്ചുവെച്ചതായാണ് വിവരം.
കുഞ്ഞിന് കടുത്ത പനിയും ചുമയും ഉണ്ടായപ്പോൾ മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ആശുപത്രിയിലെ ചികിത്സ ഫലം കാണാതെ വന്നതോടെയാണ് പാരമ്പര്യ ചികിത്സകനെ സമീപിച്ചത്. ഇരുമ്പുവടി ചൂടാക്കി ദേഹത്ത് വെച്ചാൽ രോഗം മാറുമെന്ന് പാരമ്പര്യ ചികിത്സകൻ തെറ്റിദ്ധരിപ്പിച്ചു.
നാല് ദിവസത്തോളം ഈ ക്രൂരത തുടർന്നു. തുടർന്ന് കുഞ്ഞിന്റെ ശരീരത്തിൽ പൊള്ളലേറ്റ ഭാഗം പഴുക്കാൻ തുടങ്ങിയതോടെയാണ് മാതാപിതാക്കൾ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഉമര്\u200dകോട്ടിലെ ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
Story Highlights: A month-old baby in Odisha was subjected to a horrific ordeal where a traditional healer burned the child’s body 40 times with a hot iron rod in an attempt to cure a fever.