മഹാരാഷ്ട്രയിലെ മുതിർന്ന എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയ് ആണെന്ന് അറസ്റ്റിലായ പ്രതികൾ പോലീസിന് മൊഴി നൽകി. കൊലപാതകത്തിന് മുൻകൂറായി പണം ലഭിച്ചതായും, ഇത് ക്വട്ടേഷൻ കൊല തന്നെയാണെന്നും പോലീസ് സ്ഥിരീകരിച്ചു. ഒരു മാസത്തിലേറെയായി പ്രതികൾ ബാബാ സിദ്ദിഖിയുടെ പുറകെ ഉണ്ടായിരുന്നുവെന്നും, പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.
ഇന്നലെ രാത്രിയാണ് ബാബാ സിദ്ദിഖിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഓട്ടോയിലാണ് പ്രതികൾ എത്തിയതെന്നും, ബാബാ സിദ്ദിഖി വരുന്നത് വരെ കാത്തിരുന്നെന്നും മൊഴി ലഭിച്ചിരുന്നു. രണ്ട് പ്രതികൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ മൂന്ന് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. മൂന്നാമനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 15 ദിവസങ്ങൾക്ക് മുമ്പ് ബാബാ സിദ്ദിഖിക്ക് വധഭീഷണി ലഭിച്ചിരുന്നു.
ബാന്ദ്രാ ഈസ്റ്റിൽ മകനും എംഎൽഎയുമായ സീഷന്റെ ഓഫീസിനടുത്താണ് സംഭവം നടന്നത്. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആളുകൾ പടക്കം പൊട്ടിക്കുന്നതിടെയാണ് നാല് റൗണ്ട് വെടിയുതിർത്തത്. നെഞ്ചിൽ വെടിയേറ്റ ബാബാ സിദ്ധിഖിയെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ അടക്കം ബോളിവുഡ് താരങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവാണ് ബാബാ സിദ്ദിഖി. സൽമാനുമായുള്ള ബന്ധമാണോ സിദ്ദിഖിയെ ലക്ഷ്യമിടാൻ കാരണമെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
Story Highlights: Lawrence Bishnoi ordered hit on NCP leader Baba Siddique in Maharashtra, arrested suspects confess to police