സിനിമ നയരൂപീകരണ സമിതി അംഗത്വം ഒഴിഞ്ഞ് ബി ഉണ്ണികൃഷ്ണൻ സർക്കാരിനെ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച പേരുകളും 15 അംഗ പവർ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരുകളും പുറത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാക്ഷികളിൽ ചിലർ പ്ലാൻ ചെയ്തതാണ് 15 അംഗ പവർ ഗ്രൂപ്പും മാഫിയയും എന്നും, സിനിമയിൽ ഇത് അസാധ്യമാണെന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
ഡബ്ല്യുസിസി അംഗങ്ങൾക്ക് ചോദ്യപ്പട്ടിക അയച്ചു നൽകിയെന്നും, അമ്മ സംഘടനകളിലെ സ്ത്രീകൾക്ക് മാത്രം ചോദ്യപ്പട്ടിക കമ്മിറ്റി നൽകിയില്ലെന്നും ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. ഫെഫ്കയിലെ വിവിധ സംഘടനകളിലെ ജനറൽ സെക്രട്ടറിമാരെ ഇതിനായി വിളിക്കുകപോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്ത് അടിസ്ഥാനത്തിലാണ് ഹേമാ കമ്മിറ്റി ആളുകളെ കണ്ടതെന്നും നിർമാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക അംഗങ്ങൾ എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു.
ഗ്രൂപ്പ് മീറ്റിംഗിൽ നിന്ന് ഫെഫ്കയെ ഒഴിവാക്കിയതിനെക്കുറിച്ചും കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഫെഫ്ക്കയുടെ വനിതാ അംഗങ്ങൾ ഉൾപ്പെടാത്തതിനെക്കുറിച്ചും ഉണ്ണികൃഷ്ണൻ ചോദ്യമുന്നയിച്ചു. ഫെഫ്ക്ക ഡാൻസേഴ്സ് യൂണിയനിലെ 2 വനിതാ അംഗങ്ങളെ കമ്മിറ്റി കേട്ടെങ്കിലും, അവർ നൽകിയ മൊഴിയെക്കുറിച്ച് കമ്മിറ്റി രേഖപ്പെടുത്തിയത് വസ്തുതകൾ മറച്ചു വെച്ച് മൊഴി നൽകി എന്നാണെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, ഡബ്ല്യുസിസി അംഗങ്ങളെ സിനിമയിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ലെന്നും, നടി പാർവതി തിരുവോത്തിന്റെ വിലക്ക് ആരോപണം തെറ്റാണെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
Story Highlights: B. Unnikrishnan resigns from film policy committee, calls for transparency in power group names