പമ്പ◾: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങള്ക്കിടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പരിപാടിയില് നിന്ന് പിന്മാറി. സംഘര്ഷ സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് സൂചന. തിരുവിതാംകൂര് ദേവസ്വത്തിന്റെ നേതൃത്വത്തില് പമ്പാതീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തില് സ്റ്റാലിന് മുഖ്യാതിഥിയായിരിക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാല്, ബി.ജെ.പി. സംസ്ഥാന നേതൃത്വം ഇതിനെതിരെ ശക്തമായ എതിര്പ്പ് പ്രകടിപ്പിച്ചു.
ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും എതിര്ക്കുകയും ശബരിമലയെ തകര്ക്കാന് ശ്രമിക്കുകയും ചെയ്യുന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന് ശക്തമായി വിമര്ശിച്ചു. ആഗോള അയ്യപ്പ സംഗമത്തില് എം.കെ. സ്റ്റാലിനെ തടയുമെന്നായിരുന്നു രാജീവ് ചന്ദ്രശേഖരന്റെ പ്രസ്താവന. ഇതിനു പിന്നാലെയാണ് സ്റ്റാലിൻ്റെ പിന്മാറ്റം.
ശബരിമലയില് ആചാരലംഘനമുണ്ടായപ്പോള് അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത അയ്യപ്പഭക്തര്ക്കെതിരെ കേസെടുത്ത് ജയിലിലടച്ച സര്ക്കാരാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്ന് ബി.ജെ.പി. ആരോപിച്ചു. ഹിന്ദുക്കളെ തുടര്ച്ചയായി അവഹേളിക്കുന്ന തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മുഖ്യമന്ത്രി സ്റ്റാലിനും മുഖ്യാതിഥികളായി എത്തിയാല് തടയുമെന്നും രാജീവ് ചന്ദ്രശേഖര് പ്രഖ്യാപിച്ചിരുന്നു. അയ്യപ്പ സംഗമത്തില് ബി.ജെ.പിയെയോ കേന്ദ്രമന്ത്രിമാരെയോ പങ്കെടുപ്പിക്കാത്തതിലും ബി.ജെ.പിക്ക് കടുത്ത വിയോജിപ്പുണ്ട്.
ശബരിമല വീണ്ടും കലാപഭൂമിയാവുമെന്ന ആശങ്കകള്ക്കിടെയാണ് സ്റ്റാലിന്റെ പിന്മാറ്റം ശ്രദ്ധേയമാകുന്നത്. തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖര് ബാബുവും ഐ.ടി. മന്ത്രി പഴനിവേലും തമിഴ്നാട് സര്ക്കാരിന്റെ പ്രതിനിധികളായി പരിപാടിയില് പങ്കെടുക്കുമെന്നാണ് പുതിയ അറിയിപ്പ്. ഈ വിഷയത്തിൽ ഇതുവരെ തമിഴ്നാട് സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബി.ജെ.പിയുടെ എതിര്പ്പുകള് ലംഘിച്ച് ആഗോള അയ്യപ്പ സംഗമത്തില് പങ്കെടുത്താല്, അത് അടുത്ത് നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില് തിരിച്ചടിയുണ്ടാകുമോ എന്ന ഭയമാണ് പിന്മാറ്റത്തിന് കാരണമെന്നും പറയപ്പെടുന്നു. ശബരിമല അയ്യപ്പന്റെ പ്രധാന ഭക്തരില് ഏറെയും തമിഴ്നാട്ടുകാരാണ്. ഇതാണ് മുഖ്യമന്ത്രിയെ ഉടന് തീരുമാനമെടുക്കാന് പ്രേരിപ്പിച്ച ഒരു പ്രധാന ഘടകം.
ദേവസ്വം ബോര്ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര് 20-നാണ് പമ്പാതീരത്ത് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ഏകദേശം മൂവായിരത്തോളം പ്രതിനിധികള് പരിപാടിയില് പങ്കെടുക്കും. ബി.ജെ.പിയെ പൂര്ണമായും മാറ്റിനിര്ത്തുന്നതിനെയും രാജീവ് ചന്ദ്രശേഖര് വിമര്ശിച്ചു. ആഗോള അയ്യപ്പ സംഗമം നടക്കുന്ന വിവരം അറിഞ്ഞത് പത്രങ്ങളിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ശബരിമലയുടെ പ്രാധാന്യം ലോകമെമ്പാടും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്ക്കാര് ദേവസ്വം ബോര്ഡിന്റെ സഹകരണത്തോടെ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയും ദേവസ്വം മന്ത്രിയും മറ്റുമന്ത്രിമാരും സ്പീക്കര്, ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരടക്കം 1001 അംഗ സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 17-ന് നടന്ന സംഘാടക സമിതിയോഗത്തില് പരിപാടിയില് കേന്ദ്രമന്ത്രിമാരും പങ്കെടുക്കുമെന്നായിരുന്നു ദേവസ്വം വകുപ്പ് അറിയിച്ചിരുന്നത്. കഴിഞ്ഞ 23-ന് ദേവസ്വം മന്ത്രി വി.എന്. വാസവന് തമിഴ്നാട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു.
Story Highlights : MK Stalin will not attend the Ayyappa Sangam
Story Highlights: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആഗോള അയ്യപ്പ സംഗമത്തിൽ നിന്ന് പിന്മാറി.