രാമക്ഷേത്ര നിർമാണത്തിന് ശേഷമുള്ള ആദ്യ ദീപാവലിക്ക് അയോധ്യ സജ്ജമായതായി രാമജന്മഭൂമി മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് വ്യക്തമാക്കി. ഇത്തവണ 25 ലക്ഷം ദീപം തെളിക്കാനാണ് പദ്ധതിയിടുന്നത്. ഗിന്നസ് റെക്കോർഡിൽ ഇടം പിടിക്കുകയാണ് ലക്ഷ്യം. ദർശനം സുഗമമാക്കാനായി വേണ്ട നടപടികൾ കൈക്കൊണ്ടതായി അദ്ദേഹം ANIയോട് പറഞ്ഞു. സരയൂ ഘട്ടിൽ 1,100 പേരെ പങ്കെടുപ്പിച്ചുകൊണ്ട് മഹാ ആരതിയും നടക്കും.
അയോദ്ധ്യക്ക് സമീപത്തുള്ള 55 ഘട്ടുകളിലാകും ദീപം തെളിക്കുക. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിസിന്റെ 30 അംഗ സംഘം ദീപോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ അയോദ്ധ്യയിലെത്തിയിട്ടുണ്ട്. ഇത്തവണയും സരയൂനദിക്കരയിൽ റെക്കോർഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഉത്തർപ്രദേശ് സർക്കാർ. മഹാ ആഘോഷത്തിൽ എല്ലാവരോടും പങ്കെടുക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഹ്വാനം ചെയ്തിരുന്നു.
ഇത്തവണ രണ്ട് റെക്കോർഡുകൾക്ക് സാധ്യതയുണ്ടെന്നും ഏഴാമത്തെ ദീപോത്സവമാണ് ഗിന്നസ് അധികൃതരെ സാക്ഷ്യം വച്ച് നടത്തപ്പെടുന്നതെന്നും ടീം ഇൻചാർജായ നിഷാൽ ബരോട്ട് പറഞ്ഞു. ആറ് രാജ്യങ്ങളിലെയും 16 ഇന്ത്യൻ സംസ്ഥാനങ്ങളിലെയും കലാകാരന്മാർ പങ്കെടുക്കുന്ന ശോഭയാത്രയോടെയാകും ദീപോത്സവത്തിന് തുടക്കമാകുക. മഹാ ആരതിയും ദീപം തെളിക്കലും റെക്കോർഡ് നേടാനുള്ള ശ്രമമായിരിക്കും.
Story Highlights: Ayodhya prepares for grand Diwali celebration with 25 lakh diyas, aiming for Guinness World Record