ആറ്റുകാൽ പൊങ്കാലയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. കുടിവെള്ള വിതരണത്തിനും അന്നദാനത്തിനുമായി 228 സന്നദ്ധ സംഘടനകൾ സ്മാർട്ട് ട്രിവാൻഡ്രം ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൊങ്കാലയ്ക്ക് ശേഷം ബാക്കിയാവുന്ന ചുടുകല്ലുകൾ അതിദാരിദ്ര്യ/ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് നൽകുമെന്നും മേയർ വ്യക്തമാക്കി.
പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ള/അന്നദാന വിതരണ കേന്ദ്രങ്ങളിൽ പ്രത്യേക സ്ക്വാഡുകൾ പരിശോധന നടത്തും. ഉപയോഗശേഷം ചുടുകട്ടകൾ കേടുപാട് സംഭവിക്കാത്ത വിധത്തിൽ സൂക്ഷിക്കാൻ മേയർ അഭ്യർത്ഥിച്ചു.
അനധികൃതമായി ചുടുകല്ലുകൾ ശേഖരിക്കുന്നത് ഗുണഭോക്താക്കൾക്ക് ആനുകൂല്യം നിഷേധിക്കുന്നതിന് ഇടയാക്കുമെന്നും മേയർ മുന്നറിയിപ്പ് നൽകി.
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് മേയർ അഭ്യർത്ഥിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കി സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കാൻ ഭക്തജനങ്ങളോടും അന്നദാന/കുടിവെള്ള വിതരണക്കാരോടും മേയർ ആവശ്യപ്പെട്ടു.
പൊങ്കാലയിടുന്നതിനിടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും മേയർ ഓർമ്മിപ്പിച്ചു.കടുത്ത വേനൽ കണക്കിലെടുത്ത് വൈകുന്നേരം 3 മണി മുതലാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുക.
ശുചീകരണ പ്രവർത്തനങ്ങൾക്കായി നഗരസഭ 3204 തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. ഇതിൽ നഗരസഭ ശുചീകരണ തൊഴിലാളികളും ഉൾപ്പെടുന്നു.
Story Highlights: Thiruvananthapuram Mayor Arya Rajendran announced that all preparations for the Attukal Pongala are complete, with 228 volunteer organizations registered for water and food distribution