ആറ്റുകാല് പൊങ്കാലയ്ക്ക് എത്തുന്ന ഭക്തര്ക്ക് ചൂട് കാലാവസ്ഥയില് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്ജ് മുന്നറിയിപ്പ് നല്കി. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില് നിര്ജലീകരണം ഉണ്ടാകാതിരിക്കാന് ധാരാളം വെള്ളം കുടിക്കണമെന്നും, ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള് പ്രകടമായാല് ഉടന് തണലിലേക്ക് മാറുകയും വൈദ്യസഹായം തേടുകയും വേണമെന്നും മന്ത്രി നിര്ദേശിച്ചു. ആറ്റുകാല് പൊങ്കാലയോടനുബന്ധിച്ച് സജ്ജമാക്കിയിരിക്കുന്ന മെഡിക്കല് സംവിധാനങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.
പൊങ്കാലയില് പങ്കെടുക്കുന്നവര്ക്കായി വിവിധ സ്ഥലങ്ങളില് മെഡിക്കല് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകള് ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ആംബുലന്സ് സേവനവും ലഭ്യമാണ്. ആവശ്യമെങ്കിൽ ആരോഗ്യ വകുപ്പിന്റെ സേവനം തേടണമെന്നും മന്ത്രി അഭ്യര്ത്ഥിച്ചു.
ചൂടില് നിന്ന് രക്ഷനേടാന് കട്ടികുറഞ്ഞ കോട്ടണ് വസ്ത്രങ്ങള് ധരിക്കുക, തൊപ്പി, തുണി എന്നിവ ഉപയോഗിച്ച് തല മറയ്ക്കുക, ശുദ്ധജലം മാത്രം കുടിക്കുക, ജലാംശം കൂടുതലുള്ള പഴങ്ങള് കഴിക്കുക, ശുദ്ധജലത്തില് തയ്യാറാക്കിയ ഐസ് മാത്രം ഉപയോഗിക്കുക, ഇടയ്ക്കിടെ കൈകാലുകളും മുഖവും കഴുകുക, തണലത്ത് വിശ്രമിക്കുക തുടങ്ങിയ നിര്ദേശങ്ങളും മന്ത്രി നല്കി. കുട്ടികളെ തീയുടെ അടുത്ത് നിര്ത്തരുതെന്നും ഇടയ്ക്കിടെ വെള്ളം നല്കണമെന്നും മന്ത്രി ഓര്മ്മിപ്പിച്ചു.
സ്ഥിരമായി കഴിക്കുന്ന മരുന്നുകള് മുടക്കം വരുത്താതെ കഴിക്കുകയും മരുന്നുകളുടെ വിവരങ്ങള് കൈയില് കരുതുകയും വേണം. പൊള്ളലേല്ക്കാതിരിക്കാന് അലസമായ വസ്ത്രധാരണം ഒഴിവാക്കുക, അടുപ്പുകളില് നിന്ന് തീ പടരാതെ സൂക്ഷിക്കുക, പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങള് അടുപ്പിനടുത്ത് വയ്ക്കരുത്, ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കുക തുടങ്ങിയ മുന്കരുതലുകള് സ്വീകരിക്കണം.
വസ്ത്രങ്ങളില് തീപിടിച്ചാല് പരിഭ്രമിച്ച് ഓടാതെ വെള്ളമുപയോഗിച്ച് തീ അണയ്ക്കുക, വളണ്ടിയര്മാരുടെ സഹായം തേടുക, പൊള്ളലേറ്റ ഭാഗം വെള്ളത്തില് തണുപ്പിക്കുക, വസ്ത്രം നീക്കാന് ശ്രമിക്കരുത്, അനാവശ്യ ക്രീമുകള് ഉപയോഗിക്കരുത്, ആവശ്യമെങ്കില് ഡോക്ടറുടെ സേവനം തേടുക, പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തുക തുടങ്ങിയ നിര്ദേശങ്ങളും മന്ത്രി നല്കി.
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകള് വൃത്തിയായി കഴുകണം, തുറന്നു വച്ചിരിക്കുന്ന ഭക്ഷണപദാര്ത്ഥങ്ങള് വാങ്ങി കഴിക്കരുത്, പഴങ്ങള് നന്നായി കഴുകി കഴിക്കുക, മാലിന്യങ്ങള് നിര്ദ്ദിഷ്ട സ്ഥലങ്ങളില് മാത്രം നിക്ഷേപിക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധിക്കണമെന്ന് മന്ത്രി ഓര്മ്മിപ്പിച്ചു.
Story Highlights: Health Minister Veena George issued guidelines for Attukal Pongala 2025, emphasizing safety measures during the hot weather.