ആശാവർക്കർമാരുടെ സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നു. സെക്രട്ടേറിയറ്റ് പടിക്കൽ തുടരുന്ന സമരത്തിന് പിന്തുണയുമായി ഇന്ന് കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിക്കും. കവികളും ഗായകരും മറ്റ് കലാകാരന്മാരും വൈകുന്നേരം ആറു മുതൽ പത്തു വരെ സമരവേദിയിലെത്തും. പ്രോഗ്രസീവ് കൾച്ചറൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ബാനർ സാംസ്കാരിക സമിതി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
ആശാവർക്കർമാരുടെ സമരം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കേരളം ശ്രമം ആരംഭിച്ചു. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കാണും. ഡൽഹിയിലെ ധന മന്ത്രാലയത്തിൽ ഉച്ചയ്ക്ക് 12.30നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ആശാവർക്കർമാരുടെ സമരത്തിനു പുറമേ, വയനാടിന് കേന്ദ്ര സഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യും.
സമരക്കാരെ അധിക്ഷേപിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആശാവർക്കർമാർ അറിയിച്ചു. കേന്ദ്ര സർക്കാരിന് നൽകിയ നിവേദനങ്ങൾ സംബന്ധിച്ച് വിവരങ്ങൾ തേടി ഗവർണർ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച ഡൽഹിയിലെത്തുന്ന മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്. അന്താരാഷ്ട്ര വനിതാ ദിനമായ നാളെ വനിതാ കൂട്ടായ്മയും സംഘടിപ്പിക്കും.
Story Highlights: Kerala’s special representative, KV Thomas, will meet Union Finance Minister Nirmala Sitharaman to discuss the ASHA workers’ strike and aid for Wayanad.