ആശാ വർക്കർമാരുടെ സമരം നാൽപ്പതാം ദിവസത്തിലേക്ക് കടന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, ഷീജ ആർ, തങ്കമണി എന്നിവരാണ് ഇന്നലെ മുതൽ നിരാഹാര സമരം ആരംഭിച്ചത്. ആരോഗ്യമന്ത്രി വീണ ജോർജ് ഡൽഹിയിൽ ആയതിനാൽ ചർച്ച നടത്താനായിട്ടില്ല.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒരു വിഭാഗം ആശാ വർക്കർമാർ സമരം ചെയ്യുന്നത്. രണ്ടുവട്ടം ആരോഗ്യമന്ത്രി ചർച്ച നടത്തിയിട്ടും അനുകൂല തീരുമാനമുണ്ടായില്ല. നിരാശരാകാതെ സമര മുദ്രാവാക്യങ്ങൾ കൂടുതൽ ഉച്ചത്തിൽ ഉയർത്തിയാണ് ആശാ വർക്കർമാർ നിരാഹാര സമരത്തിലേക്ക് കടന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ആശാ വർക്കേഴ്സിന്റെ സമരത്തിൽ പ്രതികരിച്ചിരുന്നു. കേന്ദ്രം ഓണറേറിയം വർധിപ്പിക്കുന്നതിന് അനുസരിച്ച് കേരളവും വർധിപ്പിക്കുമെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സിപിഐയും ആർജെഡിയും യോഗത്തിൽ വിഷയം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി.
ആശാ വർക്കർമാരുടെ സമരം ശക്തമായി തുടരുകയാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമരക്കാർ.
Story Highlights: Asha workers’ strike in Kerala enters its 40th day with continued protests and a hunger strike at the Secretariat.