കേന്ദ്ര സർക്കാരിനെതിരെയാണ് ആശാ വർക്കർമാർ പ്രതിഷേധിക്കേണ്ടതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ആശാ വർക്കർമാരുടെ സമരം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടേറിയറ്റിന് മുന്നിൽ തല മുണ്ഡനം ചെയ്തവർ പ്രതിഷേധിക്കേണ്ടത് ഡൽഹിയിലാണെന്നും വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി കേന്ദ്ര സർക്കാരിന് കൊടുത്തയക്കണമെന്നും മന്ത്രി പരിഹസിച്ചു. ബിജെപിയുടെ പ്രാദേശിക ജനപ്രതിനിധികൾ സമരത്തിൽ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
\
കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി ആശാ വർക്കർമാരുടെ ആവശ്യങ്ങൾ നടത്തിയെടുക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര മന്ത്രിമാരോട് ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി കുടയും റെയിൻ കോട്ടും കൊടുത്തതുകൊണ്ടൊന്നും ആശാ വർക്കർമാർക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര തൊഴിൽ നിയമപ്രകാരം ആശാവർക്കർമാർ ഉൾപ്പെടെയുള്ള സ്കീം വർക്കർമാർക്ക് തൊഴിലാളി എന്ന പദവി നൽകണമെന്നും അതിനനുസരിച്ചുള്ള ആനുകൂല്യങ്ങൾക്ക് അർഹരാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രിക്ക് കത്തയച്ചിട്ട് ദിവസങ്ങളായിട്ടും മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർജ്ജവമുണ്ടെങ്കിൽ സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഈ ആവശ്യം നടത്തിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
\
ആശാ വർക്കർമാർക്ക് സംസ്ഥാന സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ മന്ത്രി വി. ശിവൻകുട്ടി വിശദീകരിച്ചു. ആശ കേന്ദ്രാവിഷ്കൃത പദ്ധതിയായതിനാൽ, ഇൻസെന്റീവ് നൽകുന്നതിൽ 60% കേന്ദ്രവും 40% സംസ്ഥാനവും ഫണ്ട് നൽകുന്നു. 3,000 രൂപയായി നിശ്ചയിച്ച ഫിക്സഡ് ഇൻസെന്റീവ് തുകയിൽ 1,800 രൂപ കേന്ദ്രവും 1,200 രൂപ സംസ്ഥാനവുമാണ് നൽകുന്നത്. കൂടാതെ, കേരള സർക്കാർ 7,000 രൂപയുടെ ഓണറേറിയം കൂടി നൽകുന്നു.
\
സംസ്ഥാന സർക്കാരിന്റെ ഓണറേറിയം വർധിപ്പിക്കണമെന്ന ആവശ്യമല്ലാതെ, കേന്ദ്രം പങ്ക് നൽകുന്ന ഇൻസെന്റീവ് വർധിപ്പിക്കണമെന്ന ആവശ്യം സമരക്കാർ പറയുന്നില്ലെന്നും മന്ത്രി വിമർശിച്ചു. ഇത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. ആശാവർക്കർമാർക്കായി ഓണറേറിയം ആദ്യമായി പ്രഖ്യാപിച്ചത് ഇടതുപക്ഷ സർക്കാരാണ്. യുഡിഎഫ് സർക്കാരിന്റെ കാലയളവിൽ 1,000 രൂപ മാത്രമായിരുന്നു പ്രതിമാസ ഓണറേറിയം. എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത് 7,000 രൂപയായി വർധിപ്പിച്ചു.
\
ആശാവർക്കർമാർക്ക് 7,000 രൂപ മാത്രമാണ് ലഭിക്കുന്നത് എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നിശ്ചിത നിബന്ധനകൾ പ്രകാരം, ജോലി ചെയ്യുന്ന ആശാവർക്കർമാർക്ക് ടെലിഫോൺ അലവൻസ് ഉൾപ്പെടെ 13,200 രൂപ വരെ ലഭ്യമാണ്. അതിൽ 10,000 രൂപ സംസ്ഥാന വിഹിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Story Highlights: Minister V. Sivankutty criticized the Asha workers’ strike and said they should protest against the central government.