**തിരുവനന്തപുരം◾:** ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റ് പടിക്കലെ സമരം 11-ാം ദിവസത്തിലേക്ക് കടന്നു. രാപ്പകൽ സമരം 49-ാം ദിവസത്തിലും തുടരുകയാണ്. സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ നാളെ മുടി മുറിച്ചുള്ള പ്രതിഷേധം നടത്താനാണ് തീരുമാനം. സമരം ആരംഭിച്ച് അമ്പതാം ദിവസമാണ് മുടിമുറിക്കൽ സമരം നടത്തുന്നത്.
ആശാ വർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് 154 ലോകരാജ്യങ്ങളിലെ 700 തൊഴിലാളി സംഘടനകൾ അംഗമായുള്ള പബ്ലിക് സർവീസ് ഇന്റർനാഷണൽ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇത്രയും ദിവസമായിട്ടും സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നില്ല എന്നതിനാലാണ് പ്രതിഷേധം കടുപ്പിക്കാൻ ആശാ വർക്കർമാർ തീരുമാനിച്ചത്. മുടി മുറിച്ചുള്ള സമരത്തോടെ ആഗോളതലത്തിൽ കൂടുതൽ പിന്തുണ ലഭിക്കുമെന്നാണ് സമരക്കാരുടെ പ്രതീക്ഷ.
ആരോഗ്യനില വഷളായതിനെ തുടർന്ന് ആശാ വർക്കർ ശൈലജയെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റി. മാർച്ച് 20 രാവിലെ 11 മണി മുതലാണ് ആശാ പ്രവർത്തകർ നിരാഹാര സമരം ആരംഭിച്ചത്. ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു, തങ്കമണി, ഷീജ എന്നിവരാണ് ആദ്യം നിരാഹാരമിരുന്നത്. ശൈലജയ്ക്ക് പകരം വട്ടിയൂർക്കാവ് FHC യിലെ എസ് ബി രാജി സമരം ഏറ്റെടുത്തു.
കഴിഞ്ഞ ദിവസം വട്ടിയൂർക്കാവ് യുപിഎച്ച്സിയിലെ ആശാ വർക്കർ ശോഭയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഷീജയുടെ ആരോഗ്യം മോശമായതിനെ തുടർന്നാണ് ശോഭ നിരാഹാര സമരം ഏറ്റെടുത്തത്. ശോഭയ്ക്ക് പകരം കുളത്തൂർ എഫ്എച്ച്സിയിലെ ആശാ വർക്കർ ഷൈലജ എസ് ആണ് നിരാഹാര സമരം ഏറ്റെടുത്തത്.
Story Highlights: ASHA workers in Kerala continue their hunger strike for the 11th day, demanding better working conditions and pay.