ആശാ വർക്കർമാരുമായുള്ള ആരോഗ്യ മന്ത്രിയുടെ തുടർചർച്ച നീളും. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് നൽകിയ വിശദീകരണം അനുസരിച്ച് ഇന്ന് ചർച്ച വിളിച്ചിട്ടില്ല. പഠനസമിതി എന്ന നിർദ്ദേശം അംഗീകരിക്കില്ലെന്നും ചർച്ച തുടരാം എന്ന നിലപാടിലാണ് ഇന്നലെ പിരിഞ്ഞതെന്നും സമരം ചെയ്യുന്ന ആശാ വർക്കർമാർ വ്യക്തമാക്കി.
ഇന്നലെ നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ന് വീണ്ടും ചർച്ച എന്നതായിരുന്നു ആദ്യ തീരുമാനം. എന്നാൽ ചർച്ച വിളിച്ചിട്ടില്ല എന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഓണറേറിയം വർദ്ധന ഉൾപ്പെടെ പഠനസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കാമെന്നാണ് സർക്കാരിന്റെ നിലപാട്. ഈ നിർദ്ദേശം മറ്റെല്ലാ സംഘടനകളും അംഗീകരിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല രാപ്പകൽ സമരം ഇന്ന് 54 ആം ദിവസത്തിലാണ്.
പഠനസമിതിയെ നിയോഗിക്കാം എന്നതാണ് സർക്കാർ നിലപാട്. എന്നാൽ സമരം ചെയ്യുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഈ തീരുമാനം അംഗീകരിച്ചിട്ടില്ല. ഓണറേറിയം വർദ്ധനവ് അല്ലാതെ മറ്റൊരു സമവായത്തിനും സമരക്കാർ തയ്യാറല്ല. നിരാഹാര സമരം 16 ദിവസം പിന്നിട്ടു.
തീരുമാനമായില്ലെങ്കിൽ പുതിയ സമര രീതികൾ ആവിഷ്കരിക്കാനാണ് ആശാ വർക്കേഴ്സിന്റെ തീരുമാനം. ആശാ വർക്കർമാരുമായി ആരോഗ്യ മന്ത്രിയുടെ തുടർ ചർച്ച വൈകുമെന്നാണ് വിവരം. ചർച്ച തുടരാം എന്ന നിലപാടിലാണ് ഇന്നലത്തെ ചർച്ച പിരിഞ്ഞത്.
Story Highlights: The follow-up discussion between the Health Minister and ASHA workers has been postponed, with the workers rejecting the government’s proposal for a study committee.