ആശാ വർക്കർമാർക്കെതിരെ സിഐടിയു നേതാവ് കെ എൻ ഗോപിനാഥ് നടത്തിയ വിവാദ പരാമർശത്തിൽ നിയമനടപടിയുമായി കേരള ആശാ വർക്കഴ്സ് അസോസിയേഷൻ രംഗത്ത്. പരാമർശത്തിൽ ഖേദപ്രകടനവും 10 കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ട് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എ ബിന്ദുവാണ് വക്കീൽ നോട്ടീസ് അയച്ചത്. മാർച്ച് 3ന് സുരേഷ് ഗോപിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് വിവാദ പരാമർശം ഉണ്ടായത്. ആശാ വർക്കർമാർക്ക് കുട നൽകുന്നതിനൊപ്പം ‘ഉമ്മയും കൊടുത്തോ’ എന്നായിരുന്നു ഗോപിനാഥിന്റെ പരാമർശം.
ഈ പരാമർശം അടിയന്തരമായി പിൻവലിക്കണമെന്നും പരസ്യമായി ക്ഷമാപണം നടത്തി പത്രത്തിൽ പ്രസിദ്ധീകരിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആശാ വർക്കർമാരുടെ പ്രതിഷേധം 29 ദിവസം പിന്നിട്ട് രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. മാർച്ച് 17ന് സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിക്കാനാണ് തീരുമാനം.
സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരം ഒരു മാസത്തിലേക്ക് അടുക്കുമ്പോഴും സർക്കാർ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് ആശാ വർക്കർമാരുടെ പരാതി. നിലവിലെ ആവശ്യങ്ങൾ പരിഗണിക്കേണ്ടതും പരിഹരിക്കേണ്ടതും സംസ്ഥാന സർക്കാരാണെന്നും സമരക്കാരെ കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെടുന്നു. ആവശ്യങ്ങൾ പരിഗണിക്കുന്നത് വരെ സമരം ശക്തമാക്കുമെന്നും ആശാവർക്കർമാർ വ്യക്തമാക്കി.
കുട കൊടുക്കുന്നതിന് പകരം ഓണറേറിയത്തിന്റെ കാര്യത്തിൽ പാർലമെന്റിൽ പറഞ്ഞ് എന്തെങ്കിലും നേടിക്കൊടുക്കണമെന്നും ഗോപിനാഥ് പറഞ്ഞിരുന്നു. ആ ഓഫറുമായിട്ട് വേണം സമരപ്പന്തലിൽ വരാനെന്നും അദ്ദേഹം പരിഹസിച്ചു. നേരത്തെ ആശാ വർക്കർമാർക്ക് ഉമ്മ കൊടുക്കുന്ന പതിവുണ്ടായിരുന്നെന്നും രണ്ടുപേർ പരാതിപ്പെട്ടതോടെ അത് നിർത്തിയെന്നും ഗോപിനാഥ് പറഞ്ഞിരുന്നു.
ആശാ വർക്കർമാർക്ക് നിലവിലുള്ള 7000 രൂപയ്ക്ക് പകരം 21000 രൂപ മാസവേതനവും വിരമിക്കൽ ആനുകൂല്യങ്ങളും നൽകണമെന്ന് കെസി വേണുഗോപാൽ എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. ആശാ വർക്കർമാരുടെ പ്രതിസന്ധി പാർലമെന്റിന്റെ ഇരു സഭകളിലും ചർച്ചയായി. സമരനായകൻ സുരേഷ് ഗോപി സമരകേന്ദ്രത്തിൽ എത്തിയപ്പോൾ എല്ലാവർക്കും കുട കൊടുത്തതിനെക്കുറിച്ചും ഗോപിനാഥ് പരാമർശിച്ചിരുന്നു.
Story Highlights: Kerala ASHA Workers Association sends legal notice to CITU leader KN Gopinath for his derogatory remarks against them.