**തിരുവനന്തപുരം◾:** സമരം ചെയ്യുന്ന ആശാവർക്കർമാരുമായി തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഇന്ന് ചർച്ച നടത്തും. മന്ത്രിയുടെ ചേമ്പറിൽ വച്ച് വൈകുന്നേരം 3 മണിക്കാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. സമരം 57-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് മന്ത്രിതല ചർച്ച വീണ്ടും നടക്കുന്നത്. നിരാഹാര സമരം 19 ദിവസം പിന്നിട്ടു.
ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രിതല ഇടപെടൽ വീണ്ടും സജീവമാകുന്നു. ഫോണിലൂടെ വിളിച്ചാണ് സമര നേതാക്കൾ മന്ത്രിയുമായുള്ള ചർച്ചയ്ക്ക് സമയം തീരുമാനിച്ചത്. ഇന്നലെ മന്ത്രി വി. ശിവൻകുട്ടി, സമരക്കാർ തന്നെ ഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ല എന്ന് പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സമരക്കാരുടെ നീക്കം.
ആരോഗ്യമന്ത്രി വീണാ ജോർജുമായി മൂന്ന് തവണ സമരക്കാർ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. തൊഴിൽ വകുപ്പ് മന്ത്രിയുമായി ആദ്യമായാണ് ചർച്ച നടക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരം തുടരുകയാണ്.
ട്രേഡ് യൂണിയനുകളുടെ നിലപാടിൽ പ്രതിഷേധിച്ച് ആശാ സമരസമിതി രംഗത്തെത്തി. മന്ത്രിയുമായി നടത്തിയ മൂന്നാം വട്ട ചർച്ചയിൽ ട്രേഡ് യൂണിയനുകൾ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചുവെന്ന് ആശ സമര സമിതി നേതാവ് മിനി ആരോപിച്ചു. ആശാവർക്കർമാരുടെ വേതനം വർധിപ്പിക്കാൻ പഠനസമിതി എന്ന ആവശ്യം മുന്നോട്ടുവച്ചത് ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനാണെന്നും മിനി പറഞ്ഞു.
ബാക്കിയുള്ള ട്രേഡ് യൂണിയനുകൾ ഈ ആവശ്യത്തെ പിന്തുണച്ചുവെന്നും നാല് പ്രധാന ട്രേഡ് യൂണിയനുകൾ ചേർന്ന് തങ്ങളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചുവെന്നും മിനി കുറ്റപ്പെടുത്തി. മുൻധാരണയോടെയാണ് ആർ ചന്ദ്രശേഖരൻ ഉൾപ്പടെ ചർച്ചയ്ക്ക് എത്തിയതെന്നും തങ്ങൾ നിലപാടിൽ ഉറച്ചുനിന്നതോടെയാണ് ചർച്ച വഴിമുട്ടിയതെന്നും ഇപ്പോൾ അവർ പറയുന്നതെന്നും മിനി കൂട്ടിച്ചേർത്തു.
Story Highlights: Asha workers are meeting with the labor minister V. Sivankutty today to discuss their ongoing strike.