ആശാ വർക്കേഴ്സിനെതിരെയുള്ള അപകീർത്തികരമായ പരാമർശത്തിന്റെ പേരിൽ സിഐടിയു നേതാവ് കെ.എൻ. ഗോപിനാഥിനെതിരെ വനിതാ കമ്മീഷന് പരാതി നൽകി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. സുരേഷ് ഗോപിയുടെ സമരപ്പന്തലിലേക്കുള്ള സന്ദർശനവുമായി ബന്ധപ്പെട്ടായിരുന്നു വിവാദ പരാമർശം. ആശാ വർക്കേഴ്സിനും സ്ത്രീ സമൂഹത്തിനും മൊത്തത്തിൽ അപമാനം ഉണ്ടാക്കുന്നതാണ് ഗോപിനാഥിന്റെ പരാമർശമെന്ന് പരാതിയിൽ ആരോപിക്കുന്നു.
ആശാ വർക്കേഴ്സിന്റെ സമരപ്പന്തലിൽ മഴയിൽ നിന്ന് രക്ഷനേടാൻ കെട്ടിയ ടാർപോളിൻ പൊലീസ് അഴിച്ചുമാറ്റിയ സംഭവവും വിവാദമായി. ടാർപോളിൻ തലയിലൂടെ മൂടി മഴ നനയാതിരിക്കാൻ പോലും പൊലീസ് അനുവദിച്ചില്ലെന്ന് ആശാ വർക്കേഴ്സ് പറയുന്നു. കോടതി ഉത്തരവാണ് നടപ്പാക്കുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം.
തുടർന്ന് സമരപ്പന്തലിലെത്തിയ സുരേഷ് ഗോപി ആശാ വർക്കേഴ്സിന് കുടകളും റെയിൻകോട്ടുകളും നൽകി. ഈ സംഭവത്തെത്തുടർന്നാണ് കെ.എൻ. ഗോപിനാഥ് വിവാദ പരാമർശം നടത്തിയത്. “സുരേഷ് ഗോപി എല്ലാവർക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയുംകൂടി കൊടുത്തോ എന്ന് അറിയില്ല” എന്നായിരുന്നു പരാമർശം.
“സമരനായകൻ സുരേഷ് ഗോപി സമരകേന്ദ്രത്തിൽ എത്തുന്നു. എല്ലാവർക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയും കൂടി കൊടുത്തോ എന്ന് അറിയാൻ പാടില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവുണ്ടായിരുന്നു,” എന്നും ഗോപിനാഥ് പറഞ്ഞു. “ആരോ രണ്ടുപേർ പരാതിപ്പെട്ടതോടെ ഉമ്മ കൊടുക്കൽ നിർത്തിയെന്ന് തോന്നുന്നു. ഇപ്പോൾ കുട കൊടുക്കുകയാണ് കേന്ദ്രമന്ത്രി,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കുട കൊടുക്കുന്നതിന് പകരം ഈ ഓണറേറിയത്തിന്റെ കാര്യത്തിൽ പാർലമെന്റിൽ പറഞ്ഞ് എന്തെങ്കിലും നേടിക്കൊടുക്കേണ്ടേ. ആ ഓഫറുമായിട്ട് വേണ്ടേ ആ സമരപ്പന്തലിൽ വരാൻ?” എന്നും ഗോപിനാഥ് ചോദിച്ചു. അശ്ലീല പരാമർശത്തിൽ അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കണമെന്നാണ് ആശാ വർക്കേഴ്സ് അസോസിയേഷന്റെ ആവശ്യം.
Story Highlights: Asha workers in Kerala have filed a complaint with the Women’s Commission against CITU leader KN Gopinath for his obscene remarks.