തിരുവനന്തപുരം നഗരത്തിന് 1971-നു ശേഷം ആദ്യമായി അംഗീകൃത മാസ്റ്റർ പ്ലാൻ ലഭിച്ചതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. തിരുവനന്തപുരം മാസ്റ്റർ പ്ലാൻ 2040-ന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെ നഗരസഭ തയ്യാറാക്കിയ ഈ പദ്ധതിക്ക് 2024 ജൂലൈ 4-ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് അന്തിമ അനുമതി ലഭിച്ചത്.
1993, 2013 വർഷങ്ങളിൽ കരട് മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കിയെങ്കിലും അവയൊന്നും അംഗീകൃതമായില്ല. പുതിയ മാസ്റ്റർ പ്ലാൻ നഗരത്തെ 23 മേഖലകളായി തിരിച്ച്, 18 സെക്റ്ററുകളിലെ വികസന നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നു. വിഴിഞ്ഞം തുറമുഖം, ഐടി പാർക്കുകൾ തുടങ്ങി എല്ലാ മേഖലകളുടെയും മുന്നേറ്റം ലക്ഷ്യമിടുന്ന ഈ പദ്ധതി, മിശ്രഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
നൂതന പ്ലാനിങ് ആശയങ്ങളായ ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്മെന്റ്, ട്രാൻസ്ഫർ ഓഫ് ഡെവലപ്മെൻ്റ് റൈറ്സ്, ലാൻഡ് പൂളിങ്, അർബൻ ഡിസൈൻ എന്നിവ പുതിയ മാസ്റ്റർ പ്ലാനിലൂടെ നടപ്പിലാക്കാൻ ലക്ഷ്യമിടുന്നു. പാരിസ്ഥിതിക സംരക്ഷണത്തിനായി കൺസെർവേഷൻ സോൺ, ബഫർ-വാട്ടർ ബോഡി സോൺ, സ്പോഞ്ച് സിറ്റി, റിസ്ക് ഇൻഫോംഡ് പ്ലാനിംഗ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പൈതൃക സംരക്ഷണവും ടൂറിസം വികസനവും ലക്ഷ്യമിട്ട് മൂന്ന് ടൂറിസം മേഖലകളും ഹെറിറ്റേജ് മേഖലകളുടെ സംരക്ഷണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.