അരൂർ – തുറവൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. അരൂർ അമ്പലം മുതൽ അരൂർ പള്ളിവരെയുള്ള ഭാഗത്ത് റോഡ് അറ്റകുറ്റപണി നടത്തുന്നതിനാലാണ് ഇത്. ഇന്ന് വൈകീട്ട് നാലുമണി മുതൽ ഒരാഴ്ചക്കാലത്തേക്കാണ് നിയന്ത്രണം പ്രാവർത്തികമാകുന്നത്. തുറവൂർ ഭാഗത്ത് നിന്ന് അരൂർ ഭാഗത്തേക്കുള്ള റോഡ് അടച്ചിടും. എന്നാൽ അരൂർ ഭാഗത്ത് നിന്ന് തുറവൂർ ഭാഗത്തേക്കുള്ള റോഡിൽ മാത്രമാണ് ഗതാഗതം അനുവദിക്കുക.
എറണാകുളം ഭാഗത്തേക്ക് പോകുന്നവർ അരൂർ ക്ഷേത്രം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു പോകണം. എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവർ കുണ്ടന്നൂർ നിന്നും തൃപ്പൂണിത്തുറ വഴിയോ ചെല്ലാനം വഴി തീരദേശ റോഡ് വഴിയോ പോകേണ്ടതാണ്. വലിയ വാഹനങ്ങൾ കടത്തിവിടില്ല. അരൂര്- തുറവൂര് ഉയരപ്പാത നിര്മാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ശക്തമാണ്. വളരെയധികം സമയമെടുത്താണ് വാഹനങ്ങൾ കടത്തി വിടുന്നത് പോലും.
റോഡിന്റെ ഇരുവശവും ബാരിക്കേഡുകൾ സ്ഥാപിച്ച് നിർമാണം നടക്കുന്നതിനാൽ റോഡിന് വീതി വളരെ കുറവാണ്. ഇത് അപകടങ്ങൾ കൂടുതലാക്കുന്നു. കുഴിയിൽ വീണും ചെളിയിൽ തെന്നിവീണുമാണ് അപകടങ്ങളിൽ ഏറെയും സംഭവിക്കുന്നത്. രാത്രിയായാൽ വെളിച്ചം കുറഞ്ഞ റോഡിലൂടെ വേണം സാഹസിക യാത്ര. ഗതാഗത നിയന്ത്രണത്തിന് പൊലീസുകാർ ഉണ്ടെങ്കിലും അപകടങ്ങൾ കുറയ്ക്കാൻ കഴിയുന്നില്ല. ഏതുനിമിഷവും അപകടം മുന്നിൽകണ്ടു വേണം ഇതിലൂടെ യാത്ര നടത്താൻ.
Story Highlights: Traffic control implemented on Aroor-Thuravoor National Highway for road maintenance, causing diversions and restrictions for one week.