ജമ്മു കാശ്മീരിലെ കിഷ്ത്വാറില് സൈന്യം നിര്ണായക നീക്കം നടത്തുന്നു. ഭീകര സാന്നിധ്യം വര്ദ്ധിച്ചുവെന്ന രഹസ്യാന്വേഷണ ഏജന്സികളുടെ റിപ്പോര്ട്ടിനെ തുടര്ന്ന് ലഫ്റ്റനന്റ് ഗവര്ണര് മനോജ് സിന്ഹ ഇടപെട്ടു. ഡിജിപിക്ക് ഭീകരവിരുദ്ധ നടപടികള് വിലയിരുത്താന് നിര്ദേശം നല്കി. ഉന്നത സൈനിക ഉദ്യോഗസ്ഥര് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് നൈറ്റ് കോപ്സ് കമാന്ഡര് നവിന് സച്ദേവയും കിഷ്ത്വറില് എത്തി.
കഴിഞ്ഞദിവസം കിഷ്ത്വാറില് രണ്ട് വില്ലേജ് ഡിഫന്സ് ഗാര്ഡുകളെ ഭീകരര് കൊലപ്പെടുത്തിയിരുന്നു. മേഖലയില് ഭീകരര്ക്കായുള്ള തിരച്ചില് തുടരുകയാണ്. ശ്രീനഗറിലെ ഞായറാഴ്ച മാര്ക്കറ്റില് ഉണ്ടായ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉസാമ യാസിന്, ഷെയ്ക്ക് ഉമര് ഫയാസ് ഷെയ്ക്ക്, അഫ്നാന് അഹമ്മദ് എന്നീ ശ്രീനഗര് സ്വദേശികളാണ് അറസ്റ്റിലായത്.
പാകിസ്ഥാനി ഭീകരരുടെ നിര്ദേശപ്രകാരമാണ് ആക്രമണം നടന്നതെന്ന് പോലീസ് കണ്ടെത്തി. ഏറ്റുമുട്ടല് തുടരുന്ന സാഹചര്യത്തില് സൈന്യവും സുരക്ഷാ സേനയും ജാഗ്രത പുലര്ത്തുന്നു. ഭീകരവിരുദ്ധ നടപടികള് ശക്തമാക്കാനുള്ള നീക്കങ്ങള് നടക്കുന്നതായി റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു.
Story Highlights: Army makes decisive move in Kishtwar, J&K amid ongoing encounters and grenade attacks