അർജുന്റെ ലോറിയുടെ ക്യാബിനിൽ നിന്ന് കുഞ്ഞിന്റെ കളിപ്പാട്ടം ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെത്തിയത് നെഞ്ചുലയ്ക്കുന്ന കാഴ്ചയായിരുന്നു. തന്റെ വണ്ടിക്ക് സമാനമായ കുഞ്ഞ് ലോറി അർജുൻ ക്യാബിനിൽ കരുതിയിരുന്നു. അർജുന്റെ വസ്ത്രങ്ങൾ, പുതപ്പ്, ചെരിപ്പുകൾ, വാച്ച്, ബാഗ് എന്നിവയും കണ്ടെത്തി. രണ്ട് ഫോണുകളും ലഭിച്ചു.
കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ വണ്ടിയിൽ നിന്ന് കിട്ടിയത് അർജുന്റെ ഫോണാണെന്ന് സ്ഥിരീകരിച്ചു. അസ്ഥിയുടെ ചില ഭാഗങ്ങളും കണ്ടെത്തി. കുടുംബാംഗങ്ങളുടെ സൂചനയുടെ അടിസ്ഥാനത്തിലാണ് ക്യാബിനുള്ളിൽ വിശദമായ പരിശോധന നടത്തിയത്. അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും.
കാർവാർ ജില്ലാ പൊലീസ് മേധാവി എം.നാരായണൻ പറഞ്ഞതനുസരിച്ച്, മംഗളൂരു ഫോറൻസിക് ലാബിലേക്ക് അയച്ച ഡിഎൻഎ സാമ്പിളുകളുടെ പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ലോറിയുടെ ക്യാബിനിൽ നിന്ന് ലഭിച്ചത് അർജുന്റെ ശരീരഭാഗങ്ങളാണെന്ന് ഉറപ്പിക്കുമ്പോഴും നിയമ നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടത് അനിവാര്യമാണ്. ഡിഎൻഎ പരിശോധന ഫലത്തിലൂടെ സ്ഥിരീകരിച്ചാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇതിനായി അർജുന്റെയും, സഹോദരൻ അഭിജിത്തിന്റെയും ഡിഎൻഎ സാമ്പിളുകൾ മംഗളൂരുവിലെ ഫോറൻസിക് ലാബിലേക്ക് അയച്ചു.
Story Highlights: Arjun’s personal belongings, including his child’s toy, found in truck cabin during investigation