ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറിയിൽ തടി കെട്ടിയ കയർ കണ്ടെത്തി. നേവി നടത്തിയ തിരച്ചിലിലാണ് കയർ കണ്ടെത്തിയത്. കയർ തന്റെ ലോറിയിലേതാണെന്ന് ഉടമ മനാഫും സ്ഥിരീകരിച്ചു.
എന്നാൽ നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങൾ തന്റെ ലോറിയുടേത് അല്ലെന്നും അത് ഒലിച്ചുപോയ ടാങ്കറിന്റെതാകാമെന്നും മനാഫ് പറഞ്ഞു. തിരച്ചിലിൽ കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ചിത്രങ്ങൾ നേവി പങ്കുവച്ചു. പുഴയുടെ അടിത്തട്ടിൽ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയിൽ മുങ്ങിയുള്ള തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാർവാർ എംഎൽഎ സതീഷ് സൈൽ പറഞ്ഞു.
അഞ്ച് മണിക്കൂർ നീണ്ട തിരച്ചിൽ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമാകുന്നുവെന്നും ഈശ്വർ മാൽപേ പ്രതികരിച്ചു. അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങൽ വിദഗ്ധർക്ക് പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്താനാകില്ലെന്നും ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിക്കാൻ ശ്രമം തുടങ്ങിയെന്നും എംഎൽഎ എകെഎം അഷ്റഫ് പറഞ്ഞു. ഇതിനിടെ ഇന്ന് പത്തിലേറെ തവണ ഈശ്വർ മാൽപേ പുഴയിലിറങ്ങി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
നേവി സംഘവും പുഴയിൽ ഇറങ്ങി പരിശോധന തുടരുകയാണ്. അടിത്തട്ടിലെ മണ്ണ് തിരച്ചിലിൽ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. തിരച്ചിലിൽ ഇതുവരെ ശുഭ സൂചനങ്ങൾ ഒന്നുമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പുഴയിലെ മണ്ണ് നീക്കാതെയുള്ള തിരച്ചിൽ പ്രായോഗികമല്ലെന്നും മണ്ണും മരങ്ങളും നീക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് കൂട്ടിച്ചേർത്തു.
Story Highlights: Navy finds rope from Arjun’s lorry in Gangavali river search operation