അർജുന്റെ രക്ഷാദൗത്യം: സുപ്രീം കോടതിയിൽ ഹർജി, രക്ഷാപ്രവർത്തനം ശക്തമാക്കണമെന്ന് ആവശ്യം

Anjana

കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാദൗത്യത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ട് അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തെ തെരച്ചിൽ ഫലപ്രദമല്ലെന്നും, യുദ്ധകാലാടിസ്ഥാനത്തിൽ മണ്ണ് നീക്കം ചെയ്ത് എല്ലാ സേനകളുടെയും അടിയന്തര ഇടപെടലോടെ രക്ഷാപ്രവർത്തനം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

ഷുരൂരിൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ നാവിക സേന സംഘം എത്തിയതോടെ രണ്ട് ജെസിബികൾ ഉപയോഗിച്ച് ലോറി ഉണ്ടെന്ന് കരുതപ്പെടുന്ന സ്ഥലത്ത് മണ്ണ് നീക്കം ചെയ്യുന്നുണ്ട്. ഉച്ചയോടെ സൈന്യവും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ പ്രദേശത്ത് മഴ കനക്കുന്നതിനാൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരച്ചിലിന് ഐഎസ്ആർഒയുടെ സഹായവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത പരിശോധിക്കുന്നു. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റർ താഴെ ലോഹഭാഗത്തിന്റെ സാന്നിധ്യം റഡാറിൽ പതിഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തിരച്ചിലും ആരംഭിക്കും. എന്നാൽ രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും കർണാടക സർക്കാർ ജീവന് വിലകൽപ്പിക്കുന്നില്ലെന്നും അർജുന്റെ സഹോദരിയുടെ ഭർത്താവ് ആരോപിച്ചു.