ഷിരൂർ രക്ഷാ ദൗത്യത്തിൽ വീണ്ടും നിരാശ നേരിടുന്നു. ഈശ്വർ മാൽപെയുടെ തെരച്ചിൽ വിഫലമായതോടെ പ്രതീക്ഷ നഷ്ടപ്പെട്ട് മാൽപെ സംഘം പിൻവാങ്ങി. മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് തെരച്ചിലിൽ പുരോഗതിയില്ലെന്ന് അറിയിച്ചു. ഡൈവിങ് സാധ്യമല്ലെന്ന് ഡൈവിങ് സംഘവും വ്യക്തമാക്കി. കേരള കർണാടക മുഖ്യമന്ത്രിമാർ ചർച്ച ചെയ്ത് പുതിയ പദ്ധതി തയ്യാറാക്കണമെന്ന് അഷ്റഫ് ആവശ്യപ്പെട്ടു.
മുങ്ങിയപ്പോൾ പാറക്കല്ലുകളാണ് കണ്ടെത്തിയതെന്നും ഇവ നീക്കാതെ ട്രക്കിന്റെ അടുത്തേക്ക് എത്താനാകില്ലെന്നും ഈശ്വർ മൽപെ വ്യക്തമാക്കി. കേരളം മുഴുവൻ അർജുനെ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും കാത്തിരിക്കുന്നത്. നിലവിലെ സ്ഥിതിഗതികൾ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇപ്പോൾ ഇനിയെന്ത് എന്ന ചോദ്യമാണ് എല്ലാവരുടെയും മനസ്സിലുള്ളത്.
വെള്ളത്തിന്റെ ഒഴുക്ക് കുറയാതെ ഇറങ്ങാനാകില്ലെന്ന് നേവിക്കാർ അറിയിച്ചു. പലരീതിയിലുള്ള തടസ്സങ്ങൾ നേരിടുന്നതിനാൽ ഉന്നതതല ആലോചന ആവശ്യമാണെന്ന് എ കെ എം അഷ്റഫ് എംഎൽഎ പറഞ്ഞു. ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കില്ലെന്ന് കാർവാർ എംഎൽഎ അറിയിച്ചു. പാലങ്ങളുടെ ഉയരക്കുറവ് ഡ്രഡ്ജർ എത്തിക്കുന്നതിന് തടസ്സമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സതീഷ് സെയിൽ എംഎൽഎയുടെ പ്രവർത്തനവും പ്രശംസനീയമാണെന്ന് അഷ്റഫ് പറഞ്ഞു.