കണ്ണാടിക്കലിലെ അര്ജുന്റെ വീട്ടുവളപ്പില് സംസ്കാര ചടങ്ങുകള് നടന്നു. സഹോദരന് അഭിജിത്താണ് ചിതയ്ക്ക് തീ കൊളുത്തിയത്. അര്ജുനെ ഒരു നോക്ക് കാണാനും അന്തിമോപചാരം അര്പ്പിക്കാനും ആയിരക്കണക്കിന് ആളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. മലയാളികള് ഇത്രത്തോളം കാത്തിരുന്ന, മടങ്ങി വരവ് ആഗ്രഹിച്ച ഒരു മനുഷ്യന് വേറെയില്ല. അര്ജുന്റെ അമ്മയ്ക്കും ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങള്ക്കും ഒപ്പം ഓരോ മലയാളിയും അവന്റെ തിരിച്ചു വരവ് ആഗ്രഹിച്ചിരുന്നു, പ്രാര്ത്ഥിച്ചുരുന്നു.
75 ദിവസത്തെ കാത്തിരിപ്പിന് ശേഷം കണ്ണീരോടെയാണ് കേരളം അര്ജുനെ ഏറ്റുവാങ്ങിയത്. കേരള – കര്ണാടക അതിര്ത്തിയായ തലപ്പാടിയില് വച്ച് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില് അന്തിമോപചാരം അര്പ്പിച്ചു. അര്ജുന്റെ മൃതദേഹം വഹിച്ച ആംബുലന്സ് ജില്ലാ അതിര്ത്തിയായ അഴിയൂരില് ശനിയാഴ്ച രാവിലെ ആറോടെയാണെത്തിയത്. മന്ത്രി എ കെ ശശീന്ദ്രന്, എംഎല്എമാരായ തോട്ടത്തില് രവീന്ദ്രന്, കെ കെ രമ, ജില്ലാ കലക്ടര് സ്നേഹില്കുമാര് തുടങ്ങിയവര് മൃതദേഹം ഏറ്റുവാങ്ങി.
ഒന്പത് മണിയോടെ അര്ജുന്റെ മൃതദേഹം ആംബുലന്സില് നിന്ന് പുറത്തെടുത്ത് വീട്ടില് പൊതുദര്ശനത്തിനായി വച്ചു. ഒരു മണിക്കൂറാണ് പൊതുദര്ശനമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും നൂറുകണക്കിനാളുകള് അര്ജുനെ കാണാന് വീട്ടിലും പരിസരത്തുമായി തടിച്ചുകൂടിയതോടെ പൊതുദര്ശനം നീണ്ടു. അര്ജുന്റെ വീടിന് സമീപത്തുള്ള പാടത്തിന് നടുവിലുള്ള റോഡിലൂടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്സ് ഓടിയപ്പോള് പാതയുടെ വശങ്ങളില് കണ്ണാടിക്കല് ഗ്രാമം ഒന്നാകെ തടിച്ചുകൂടിയിരുന്നു. ഇന്ന് 75ാം ദിവസം ഒരു നാടാകെ തേങ്ങിക്കൊണ്ട് അര്ജുന് യാത്രാമൊഴി ചൊല്ലി.
Story Highlights: Arjun’s funeral held in Kannadi after 75 days, thousands attend to pay last respects