സൈബർ ആക്രമണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അർജുന്റെ കുടുംബം പരാതി നൽകി. കുടുംബത്തെ വേട്ടയാടുന്നു എന്നും സഹിക്കാൻ ആവാത്ത വിധത്തിലുള്ള സൈബർ ആക്രമണങ്ങളാണ് കുടുംബത്തിന് നേരെ നടക്കുന്നതെന്നും പരാതിയിൽ പറയുന്നു. മെഡിക്കൽ കോളജ് എസിപിക്ക് അർജുന്റെ സഹോദരി അഞ്ജു പരാതി കൈമാറി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറാണ് കേസ് വിശദമായി അന്വേഷിക്കുക.
മനാഫിനെതിരെ കുടുംബം ഇന്നലെ പരാതിയുമായി രംഗത്തെത്തിയിരുന്നു. വൈകാരികതയെ ചൂഷണം ചെയ്യുകയായിരുന്നു മനാഫെന്ന് അര്ജുന്റെ സഹോദരിയുടെ ഭര്ത്താവ് ജിതിന് കുറ്റപ്പെടുത്തി. കുടുംബത്തിനായി പല കോണുകളില് നിന്നും പണം പിരിക്കുന്നുവെന്നും അത് കുടുംബം അറിഞ്ഞിട്ടില്ലെന്നും അവർ ആരോപിച്ചു. അര്ജുന് 75,000 രൂപ ശമ്പളം ഉണ്ടായിരുന്നുവെന്ന് പറഞ്ഞു പരത്തുന്നതായും കുടുംബം പറഞ്ഞു. യൂട്യൂബില് ഓരോ ദിവസവും മൂന്നും നാലും വീഡിയോസ് കൊടുക്കുന്നതും തങ്ങളെ ബാധിക്കുന്നതാണെന്നും കുടുംബം ആരോപണം ഉയർത്തി.
അതേസമയം, അർജുന്റെ കുടുംബത്തിന്റെ ആരോപണം മനാഫ് തള്ളിക്കളഞ്ഞു. അര്ജുന്റെ പേരില് താന് ഒരു തരത്തിലുമുള്ള പി ആര് വര്ക്കോ പണപ്പിരിവോ നടത്തിയിട്ടില്ലെന്ന് മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള് അര്ജുന് 75000 ശമ്പളം നല്കിയതിന് തെളിവുണ്ടെന്നും അര്ജുന് ഒപ്പിട്ടത് ഉള്പ്പെടെ കണക്കുപുസ്തകത്തില് ഉണ്ടെന്നും മനാഫ് പറഞ്ഞു. വൈകാരികമായി പ്രതികരിച്ചതിന് മനാഫ് അര്ജുന്റെ കുടുംബത്തോട് മാപ്പുചോദിച്ചു. കുടുംബത്തിനെതിരായ സൈബര് ആക്രമണം അവസാനിപ്പിക്കണമെന്നും പരസ്പരം ചെളിവാരിയെറിഞ്ഞ് ഷിരൂരിലെ ചരിത്ര ദൗത്യത്തിന്റെ മഹത്വം ഇല്ലാതാക്കരുതെന്നും മനാഫ് അഭ്യര്ത്ഥിച്ചു.
Story Highlights: Arjun’s family files complaint against cyber attacks, Manaf denies allegations and apologizes for emotional reactions