കേരള ക്രിക്കറ്റ് ലീഗിന് (കെസിഎൽ) ഒരുങ്ങുകയാണ് ഏരീസ് കൊല്ലം സെയ്ലേഴ്സ് ടീം. സംവിധായകനും നിർമ്മാതാവുമായ സോഹൻ റോയ് ആണ് ഈ ടീമിന്റെ ഉടമസ്ഥൻ. മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിനെ ടീം ബ്രാൻഡ് അംബാസിഡറായും മുൻ കേരള രഞ്ജി ക്യാപ്റ്റനും ഐപിഎൽ താരവുമായ സച്ചിൻ ബേബിയെ ഐക്കൺ പ്ലയറായും പ്രഖ്യാപിച്ചു.
‘എടാ മോനെ, കൊല്ലം പൊളിയല്ലേ. . . ‘ എന്നതാണ് ടീമിന്റെ ടാഗ് ലൈൻ.
ഏരീസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ഡോ. എൻ. പ്രഭിരാജാണ് ടീമിന്റെ സിഇഒ. ടീമിന്റെ സപ്പോർട്ടിങ് സ്റ്റാഫിൽ ഫിസിയോ, ട്രൈനർ, വീഡിയോ അനലിസ്റ്റ്, ബോളിങ് കോച്ച്, ബാറ്റിംഗ് കോച്ച് എന്നിവർ അടങ്ങുന്നു.
മറൈൻ മേഖലയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഏരീസിന്റെ ലോഗോയിൽ കപ്പൽ ആങ്കറും ക്രിക്കറ്റും കൂട്ടിക്കലർത്തിയിട്ടുണ്ട്. കേരളത്തിലെ യുവാക്കളുടെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് കരുത്തേകാൻ ഈ ടീമിന് സാധിക്കുമെന്ന് ഡോ. പ്രഭിരാജ് പറഞ്ഞു. വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ കെസിഎല്ലിൽ നിന്ന് ലഭിക്കുന്ന ലാഭം അനാഥരായ കുട്ടികളുടെ പഠനത്തിനും മാതാപിതാക്കളിൽ ഒരാൾ നഷ്ടമായ കുട്ടികളുടെ പഠന ചിലവിനും വകയിരുത്തുമെന്ന് സോഹൻ റോയ് അറിയിച്ചു.
കേരളത്തിലെ വളർന്നുവരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് മികച്ച അവസരമാണ് കൊല്ലം ടീമിലൂടെ സാക്ഷാത്കരിക്കുന്നതെന്നും ഏരീസ് ഗ്രൂപ്പിന്റെ പിന്തുണ ലഭിക്കുമെന്നും സോഹൻ റോയ് പറഞ്ഞു. കൊല്ലം ജില്ലയിലെ സ്കൂളുകളിലും കോളജുകളിലും ക്രിക്കറ്റ് ക്ലബ്ബുകളും ഫാൻസ് ക്ലബ്ബുകളും തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയും ഉണ്ടാകുമെന്ന് ജി. സജികുമാർ പറഞ്ഞു.
Story Highlights: Aries Kollam Sailors, owned by filmmaker Sohan Roy, gears up for the Kerala Cricket League with former Indian cricketer S Sreesanth as brand ambassador and ex-Kerala Ranji captain Sachin Baby as icon player. Image Credit: twentyfournews