ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ടു. കരിക്കാമുക്കിലെ വെള്ളിയും ഭാര്യ ലീലയുമാണ് മരിച്ചത്. സ്വന്തം പറമ്പിൽ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്.
ആറളം ഫാം 13ാം ബ്ലോക്കിൽ വെച്ചാണ് കാട്ടാന ഇവരെ ആക്രമിച്ചത്. സംഭവസ്ഥലത്ത് വെച്ചുതന്നെ ഇരുവരും മരണപ്പെട്ടു. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വകുപ്പുകളുടെ ഏകോപനത്തിന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ കർശന നിർദേശം നൽകി. പ്രദേശത്തെ കാട് വെട്ടിത്തെളിക്കുന്നത് ത്വരിതഗതിയിലാക്കാനും പാതി പൂർത്തിയായ ആനമതിൽ നിർമ്മാണം പെട്ടെന്ന് പൂർത്തിയാക്കാനും മന്ത്രി നിർദേശിച്ചു.
മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉടൻ നൽകുമെന്ന് മന്ത്രി അറിയിച്ചു. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചന നടത്തി തുടർനടപടികൾ സ്വീകരിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് മന്ത്രി നിർദേശിച്ചു. TRDM അധികൃതർക്കും മന്ത്രി നിർദേശങ്ങൾ നൽകി.
വേദനാജനകമായ സംഭവമെന്ന് പേരാവൂർ എംഎൽഎ സണ്ണി ജോസഫ് പ്രതികരിച്ചു. 2020ൽ പട്ടികവർഗ ഫണ്ട് ഉപയോഗിച്ച് ആനമതിൽ കെട്ടാൻ ഭരണാനുമതി ലഭിച്ചിരുന്നുവെങ്കിലും മെല്ലെപ്പോക്കു കാരണം നടപ്പായില്ലെന്ന് അദ്ദേഹം ആരോപിച്ചു. മനുഷ്യജീവന് പന്താടുന്ന സാഹചര്യമാണെന്നും വനംവകുപ്പ് വേണ്ടത്ര സജീവമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആറളം ആദിവാസി പുനരധിവാസ മേഖലയിൽ വർഷങ്ങളായി കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രാദേശിക ലേഖകൻ കെ.ബി. ഉത്തമൻ പറഞ്ഞു. ഇന്നത്തെ സംഭവം കൂടി കൂട്ടി 20 പേരാണ് ആനയുടെ ആക്രമണത്തിന് ഇരയായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Story Highlights: A tribal couple was killed in a wild elephant attack at Aralam Farm, prompting the Forest Minister to order stricter interdepartmental coordination.