കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 39 വയസ്സുകാരിയായ കൊയിലാണ്ടി സ്വദേശിനി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു. കഴിഞ്ഞ ഒരു മാസമായി ഐസിയുവിൽ ചികിത്സയിലായിരുന്ന യുവതിക്ക് വിദേശത്ത് നിന്നും എത്തിച്ച അഞ്ച് മരുന്നുകൾ നൽകിയിരുന്നു. എങ്ങനെയാണ് രോഗബാധയുണ്ടായതെന്ന് ആരോഗ്യ പ്രവർത്തകർ അന്വേഷിച്ചുവരികയാണ്.
പെട്ടെന്ന് രോഗം മൂർച്ഛിക്കുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്, പതിയെ രോഗം മൂർച്ഛിക്കുന്ന ഗ്രാനുലോമസ് അമീബിക് എൻസെഫലൈറ്റിസ് എന്നിങ്ങനെ രണ്ട് തരത്തിലാണ് അമീബിക് മസ്തിഷ്ക ജ്വരം കാണപ്പെടുന്നത്. ഈ രോഗത്തിന്റെ മരണനിരക്ക് 95 മുതൽ 100 ശതമാനം വരെയാണ്.
സ്വിമ്മിങ് പൂൾ ഉൾപ്പെടെ കൃത്രിമമായി വെള്ളം കെട്ടിനിർത്തുന്ന എല്ലാ ജലസ്രോതസ്സുകളിലും ഈ അമീബ കാണപ്പെടാം. അതിനാൽ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന വെള്ളം കെട്ടിനിൽക്കുന്ന എല്ലാ ജലസ്രോതസ്സുകളും പ്രോട്ടോക്കോൾ പ്രകാരം ക്ലോറിനേഷൻ നടത്തി ശുചീകരിക്കേണ്ടത് അനിവാര്യമാണ്. അമീബിക് മസ്തിഷ്ക ജ്വരം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ല.
Story Highlights: A 39-year-old woman from Koyilandy died of amoebic encephalitis while undergoing treatment at Kozhikode Medical College Hospital.