ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾ മരിച്ച സംഭവത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആറളം ഫാമിന്റെ സവിശേഷത മനസ്സിലാക്കി ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വന്യമൃഗ ശല്യത്തിന് ആന മതിൽ നിർമ്മാണം നീണ്ടുപോയതും അടിക്കാട് വെട്ടിയിട്ടില്ലാത്തതും കാരണമായതായി മന്ത്രി ചൂണ്ടിക്കാട്ടി. വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായോ എന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി.
ഇന്ന് രാവിലെയാണ് ദമ്പതികൾ കശുവണ്ടി ശേഖരിക്കാനായി പതിമൂന്നാം ബ്ലോക്കിലെ ഭൂമിയിലേക്ക് പോയത്. വെള്ളിയെയും ഭാര്യ ലീലയെയുമാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഇവരെ കാണാതായതിനെ തുടർന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ആംബുലൻസ് തടഞ്ഞുനിർത്തി. ജില്ലാ ഭരണാധികാരികൾ പ്രദേശത്ത് എത്തിയാൽ മാത്രമേ ആംബുലൻസ് വിട്ടുനൽകൂ എന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഇന്ന് കണ്ണൂരിൽ സർവകക്ഷി യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു.
വയനാട്ടിലേതുപോലെ ഒരു ആക്ഷൻ പ്ലാൻ ആറളത്തും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. വേണ്ടപ്പെട്ടവരെ നഷ്ടപ്പെടുമ്പോൾ വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികമാണെന്നും ജനങ്ങളുടെ പ്രതിഷേധം ന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ കലക്ടർ ഇക്കാര്യങ്ങൾ പരിശോധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകും.
Story Highlights: Two tribal people were killed in a wild elephant attack at Aralam Farm in Kannur, Kerala.