ആറളം ഫാമിലെ കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളി-ലീല ദമ്പതികളുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ആദ്യഗഡുവിന്റെ വിതരണത്തോടെയാണ് ഈ ദുരന്തവാർത്ത പുറംലോകമറിഞ്ഞത്. മക്കൾക്ക് 5 ലക്ഷം രൂപ വീതമാണ് നൽകിയത്. 19 പേരുടെ ജീവനാണ് ആറളം ഫാം പുനരധിവാസ മേഖലയാക്കിയതിനു ശേഷം ഇതുവരെ കാട്ടാനാക്രമണത്തിൽ പൊലിഞ്ഞത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 24ന് പൂർത്തിയാകേണ്ടിയിരുന്ന ആനമതിൽ നിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണ്.
ഈ വർഷം മാർച്ച് 31നകം പണി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയും വനംവകുപ്പ് മന്ത്രിയും നിർദേശം നൽകിയിരുന്നു. എന്നാൽ ഇതുവരെ നാല് കിലോമീറ്റർ മാത്രമാണ് മതിൽ നിർമ്മിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയാണ് ആറളം ഫാം.
കശുവണ്ടി ശേഖരിക്കാനെത്തിയപ്പോഴാണ് പതിമൂന്നാം ബ്ലോക്കിലെ സ്ഥിരതാമസക്കാരായ ദമ്പതികൾ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ദമ്പതികളെ കാട്ടാന ചവിട്ടിയരച്ചതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നെഞ്ചും തലയും തകർന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇരുവരെയും വലിച്ചെറിഞ്ഞതും മരണകാരണമായി.
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ സിപിഐഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തി. പ്രതിഷേധക്കാർ ജില്ലാ സെക്രട്ടറിയുടെ കഴുത്തിന് പിടിച്ചതോടെ സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെട്ടു. പിന്നീട് കെപിസിസി അധ്യക്ഷൻ കെ. സുധാകരനും സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാനായില്ല.
ജില്ലാ കളക്ടർ അരുൺ കെ. വിജയനും സ്ഥലത്തെത്തിയെങ്കിലും വനം മന്ത്രിയെത്താതെ അനുനയത്തിനില്ലെന്ന് പ്രതിഷേധക്കാർ നിലപാടെടുത്തു. വൈകീട്ട് ഏഴുമണിയോടെ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ആറളം ഫാമിലെത്തി. ആനമതിലിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും നിർമ്മാണം നിലച്ചതിന് പിന്നിലെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ആനപ്പേടിയിൽ പുനരധിവാസ മേഖലയിൽ ജീവിതം ദുസ്സഹമാണെന്നും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
Story Highlights: Compensation distributed to the families of the couple killed in the Aralam wild elephant attack.