ആപ്പിൾ കമ്പനി തങ്ങളുടെ ഡിജിറ്റൽ വോയ്സ് അസിസ്റ്റന്റ് സിരിയുടെ പുതിയ പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ചാറ്റ് ജിപിടിക്കും ഗൂഗിളിന്റെ ജെമിനിക്കും വെല്ലുവിളി ഉയർത്തുന്ന തരത്തിലുള്ള പുതിയ സിരിയാണ് ആപ്പിൾ വികസിപ്പിക്കുന്നത്. ജനറേറ്റീവ് എഐയുടെ സഹായത്തോടെ ഉപയോക്താക്കളുമായി കൂടുതൽ കാര്യക്ഷമമായി സംവദിക്കാൻ കഴിയുന്ന സിരിയെയാണ് ആപ്പിൾ ലക്ഷ്യമിടുന്നതെന്ന് ബ്ലൂംബെർഗിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. എൽഎൽഎം സിരി എന്നാണ് പുതിയ വോയ്സ് അസിസ്റ്റന്റിന് ആപ്പിൾ പേര് നൽകിയിരിക്കുന്നത്.
ആപ്പിളിന്റെ വരാനിരിക്കുന്ന ഐഒഎസ് 19, മാക് ഒഎസ് 16 സോഫ്റ്റ്വെയർ അപ്ഡേറ്റുകളിൽ, തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് പുതിയ സിരിയുടെ പ്രിവ്യൂ ബീറ്റാ വേർഷൻ ഉപയോഗിക്കാനാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷം ജൂണിൽ നടക്കുന്ന വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിൽ ഐഒഎസ് 19 ന്റെ ലോഞ്ചിനൊപ്പം സിരിയുടെ പുതിയ വേർഷനെക്കുറിച്ചുള്ള പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപുലമായ ഭാഷാ മോഡലുകളിലാണ് സിരിയുടെ നവീകരിച്ച പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം, ആപ്പിൾ ഇന്റലിജൻസുമായുള്ള ചാറ്റ് ജിപിടിയുടെ സംയോജനത്തിനായി ടെക് ലോകം കാത്തിരിക്കുകയാണ്. അടുത്ത മാസം ഇത് പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ആപ്പിൾ ഇന്റലിജൻസ് ഉപയോക്താക്കൾക്കുള്ള ഓപ്ഷനുകളായി ഗൂഗിളിന്റെ ജെമിനി പോലുള്ള മറ്റ് എഐ ചാറ്റ്ബോട്ടുകളും ആപ്പിളിലേക്ക് ചേർക്കാനാകും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ എഐ സാങ്കേതികവിദ്യയിൽ ആപ്പിൾ മറ്റ് കമ്പനികളുമായി കടുത്ത മത്സരത്തിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമാകുന്നു.
Story Highlights: Apple to launch new AI-powered Siri to compete with ChatGPT and Google’s Gemini