കൊല്ലം അഞ്ചലിൽ 19 വർഷം മുമ്പ് നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ദുരൂഹത അവസാനിപ്പിച്ച് സിബിഐ പ്രതികളെ പിടികൂടി. യുവതിയെയും അവരുടെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായം തേടിയത് സയൻസ് ഫിക്ഷൻ സിനിമകളെ ഓർമിപ്പിക്കുന്നതായിരുന്നു.
അഞ്ചൽ അലയമൺ സ്വദേശി ദിവിൽ കുമാർ (41), കണ്ണൂർ ശ്രീകണ്ഠാപുരം കൈതപ്രം സ്വദേശി രാജേഷ് (46) എന്നിവരാണ് പിടിയിലായത്. കുറ്റകൃത്യം നടത്തിയ ശേഷം സൈന്യത്തെയും പോലീസിനെയും വരെ കബളിപ്പിച്ച് അതിവിദഗ്ധമായി മുങ്ങിയ പ്രതികളെ പല വഴികളിലൂടെയും അന്വേഷിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. എന്നാൽ കാലം മാറിയതോടെ അന്വേഷണത്തിന്റെ രീതിയും മാറി. അത്യാധുനിക എഐ സംവിധാനങ്ങൾ കുറ്റാന്വേഷണത്തിൽ ഏജൻസികളെ സഹായിക്കാൻ എത്തിയതോടെ പതിറ്റാണ്ടുകൾ പോലീസിനെ പറ്റിച്ചു സുഖജീവിതം നയിച്ച പ്രതികളെ ചുരുങ്ങിയ സമയം കൊണ്ട് കണ്ടെത്തുകയായിരുന്നു.
പ്രതികളുടെ പൂർവകാല ചിത്രങ്ങൾ ശേഖരിച്ച അന്വേഷണ സംഘം എഐ സഹായത്തോടെ രൂപമാറ്റം ചിത്രീകരിച്ചു നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. ഇത്തരത്തിൽ 20 സാധ്യതാ ചിത്രങ്ങൾ തയ്യാറാക്കി സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. സാധ്യതാ ചിത്രങ്ങളുമായി സാമ്യമുള്ള ചിത്രങ്ങൾ മറ്റാരെങ്കിലും പോസ്റ്റ് ചെയ്താൽ പോലീസിന് അലർട്ട് ലഭിക്കുന്ന രീതിയിലായിരുന്നു സാങ്കേതിക സംവിധാനം.
പുതുച്ചേരിയിലുള്ള ഒരു അധ്യാപിക സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുടുംബചിത്രത്തിൽനിന്ന് പോലീസിന് അലർട്ട് ലഭിച്ചു. ചിത്രത്തിലുള്ള യുവാവിന് എഐ നിർമിച്ചു നൽകിയ ചിത്രവുമായി സാമ്യം ഉണ്ടെന്നു കണ്ടെത്തിയതോടെ പൊലീസ് ഈ അധ്യാപികയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ നിരീക്ഷിക്കാൻ തുടങ്ങി. പിന്നീട്, പുതുച്ചേരിയിലെത്തിയ സംഘം യുവാവിനെ കേന്ദ്രീകരിച്ച് അന്വഷണം തുടങ്ങി. ഇയാൾ നടത്തുന്ന സ്ഥാപത്തിൽനിന്ന് രണ്ടാം പ്രതിയുമായി സാദൃശ്യമുള്ള മറ്റൊരാളെയും കണ്ടെത്തിയതോടെ സിബിഐ ചെന്നൈ യൂണിറ്റ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2006 ഫെബ്രുവരി 10നാണ് അഞ്ചൽ അലയമൺ സ്വദേശി രഞ്ജിനി (24) യെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും ഏറത്തെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ സൈനികരായ ഇവർക്ക് പങ്കുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ദിബില് കുമാറില് രഞ്ജിനിക്ക് ജനിച്ചതാണ് കൊല്ലപ്പെട്ട ഇരട്ട കുട്ടികൾ എന്നാണ് പറയുന്നത്. കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് രഞ്ജിനിയുടെ കുടുംബം പരാതികളുമായി മുന്നോട്ടുപോയിരുന്നു. കുട്ടികളുടെ ഡിഎന്എ പരിശോധിക്കാന് വനിതാ കമ്മീഷന് നിര്ദേശിച്ചിരുന്നു. ഇതിനെ തുടര്ന്ന് തെളിവുകള് നശിപ്പിക്കുന്നതിനായി ദിബിലും രാജേഷും രഞ്ജിനിയുടെ വീട്ടില് എത്തുകയും രഞ്ജിനിയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. പിടികൂടിയ പ്രതികളെ സിബിഐ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കി.
Story Highlights: CBI uses AI technology to solve 19-year-old triple murder case in Kerala