തിരുപ്പതി ലഡ്ഡുവിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന വിവാദ ആരോപണത്തിൽ വിശദീകരണവുമായി ഇന്ത്യയിലെ പ്രമുഖ ഡയറി ബ്രാൻഡായ അമുൽ രംഗത്തെത്തി. തിരുമല തിരുപ്പതി ക്ഷേത്രത്തിൽ അമുൽ നെയ്യ് വിതരണം ചെയ്യുന്നുവെന്ന ചില സോഷ്യൽ മീഡിയ പോസ്റ്റുകളെ തുടർന്നായിരുന്നു കമ്പനിയുടെ വിശദീകരണം. “ഞങ്ങൾ ഒരിക്കലും ടിടിഡിക്ക് അമുൽ നെയ്യ് വിതരണം ചെയ്തിട്ടില്ലെന്ന് അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” എന്ന് അമുൽ എക്സിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഗുണമേന്മയുള്ള പാലിൽ നിന്നാണ് അമുൽ നെയ്യ് ഉൽപ്പാദിപ്പിക്കുന്നതെന്നും, പ്ലാന്റുകളിലേക്ക് എത്തുന്ന പാൽ നിരവധി തവണത്തെ ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് ഉപയോഗിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. അതിനാൽ അമുലിനെതിരെ ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
Issued in Public Interest by Amul pic.twitter.com/j7uobwDtJI
— Amul.coop (@Amul_Coop) September 20, 2024
കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഉന്നയിച്ച ആരോപണമാണ് വിവാദങ്ങൾ ആളിക്കത്തിച്ചത്. മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചാണ് പ്രസിദ്ധമായ തിരുപ്പതി ലഡ്ഡു ഉണ്ടാക്കിയിരുന്നതെന്നും വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് ഇത്തരത്തിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചതെന്നും നായിഡു ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമുൽ വിശദീകരണവുമായി രംഗത്തെത്തിയത്.
Story Highlights: Amul clarifies it never supplied ghee to Tirupati temple amid controversy over animal fat in laddus