കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പ്രസ്താവനയ്ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ നിന്ന് താഴെയിറങ്ങും വരെ ജീവനോടെയിരിക്കുമെന്ന ഖർഗെയുടെ പ്രസ്താവന പ്രധാനമന്ത്രിയോടുള്ള കോൺഗ്രസിന്റെ വെറുപ്പും ഭയവും വ്യക്തമാക്കുന്നതാണെന്ന് അമിത് ഷാ പറഞ്ഞു. ഖർഗെയുടെ ആരോഗ്യത്തിനായി തങ്ങളെല്ലാം പ്രാർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ഖർഗെയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ തന്നെ അദ്ദേഹം അവശനായിരുന്നു. വേദിയിലുണ്ടായിരുന്ന മറ്റ് നേതാക്കൾ സഹായത്തിനെത്തി. അൽപ്പം വെള്ളം കുടിച്ച ശേഷം അദ്ദേഹം വീണ്ടും പ്രസംഗിക്കാനെത്തി. എനിക്ക് 83 വയസായി, പെട്ടെന്നൊന്നും മരിക്കാൻ പോകുന്നില്ലെന്നും മോദിയെ അധികാരത്തിൽ നിന്ന് നീക്കുന്നത് വരെ ജീവനോടെയിരിക്കുമെന്നും ഖർഗെ പ്രഖ്യാപിച്ചു.
ഖർഗെ തന്റെ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അനാവശ്യമായി മോദിയുടെ പേര് വലിച്ചിഴച്ചുവെന്ന് അമിത് ഷാ ആരോപിച്ചു. ഏറെക്കാലം ജീവിച്ചാൽ 2047-ൽ വികസിത ഭാരതവും അദ്ദേഹത്തിന് കാണാനാകുമെന്നും അമിത് ഷാ പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോദിയും താനും ഉൾപ്പെടെയുള്ളവർ ഖർഗെ ആരോഗ്യത്തോടെയിരിക്കാനും ദീർഘകാലം ജീവിക്കാനും പ്രാർത്ഥിക്കുന്നതായും അമിത് ഷാ കൂട്ടിച്ചേർത്തു.
Story Highlights: Amit Shah criticizes Mallikarjun Kharge’s statement about Modi, highlighting Congress’ fear and hatred towards PM