ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മൃതദേഹം 47 മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിൽ മൃതദേഹം പൊങ്ങിയതായി കണ്ടെത്തി. മൂന്നാം ദിവസത്തേക്ക് നീണ്ട രക്ഷാദൗത്യത്തിനിടെയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ജോയിയെ കണ്ടെത്തുന്നത് വരെ വിശ്രമമില്ലാത്ത തെരച്ചിലായിരുന്നു സ്കൂബ സംഘം നടത്തിയിരുന്നത്. ജീവൻ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് സ്കൂബ സംഘം പറഞ്ഞു. എന്താണോ ഏറ്റെടുക്കുന്നത് അത് വിജയകരമായി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യമെന്ന് സ്കൂബ സംഘത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഥലം ഏതെന്ന് നോക്കിയല്ല, ചെയ്യുന്ന കാര്യത്തിനാണ് പ്രാധാന്യം നൽകിയതെന്ന് സംഘം വ്യക്തമാക്കി.
മാലിന്യമായിരുന്നു രക്ഷാദൗത്യത്തിന്റെ പ്രധാന വെല്ലുവിളി. മുകളിലും താഴെയും മാലിന്യം നിറഞ്ഞിരുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് സ്കൂബ സംഘം പറഞ്ഞു. എല്ലാവിധ പിന്തുണയും ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചിരുന്നു. ജോയിയെ കാണാതായത് ദൗർഭാഗ്യകരമായ സംഭവമാണെങ്കിലും അഗ്നിശമന സേനയുടെ സ്കൂബ സംഘം നടത്തിയ ദുഷ്കരമായ രക്ഷാ ദൗത്യം അഭിനന്ദനാർഹമായിരുന്നു.