ആളൂരിൽ നടന്ന വൻ കഞ്ചാവ് വേട്ടയിൽ മൂന്ന് പ്രതികൾ പിടിയിലായി. ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പഞ്ഞപ്പിള്ളിയിൽ വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതിയും കൊലപാതക കേസിലും പോലീസുകാരനെ ആക്രമിച്ച കേസിലും ഉൾപ്പെട്ട ചേർപ്പ് സ്വദേശി മിജോ ജോസ്, കവർച്ചക്കേസടക്കം നിരവധി കേസുകളിലെ പ്രതിയും പുതുക്കാട് പോലീസ് സ്റ്റേഷൻ റൗഡിയുമായ കല്ലൂർ സ്വദേശി അനീഷ് എന്ന പാമ്പ് അനീഷ്, ഊരകം സ്വദേശി സതീഷ് ബാബു എന്നിവരാണ് അറസ്റ്റിലായത്.
ഒരു മാസം മുമ്പ് സതീഷ് ബാബുവാണ് ഈ വീട് വാടകയ്ക്കെടുത്തത്. കമ്പം, തേനി എന്നീ സ്ഥലങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുകയായിരുന്നു പ്രതികൾ. അറസ്റ്റിലായവരിൽ നിന്ന് 1.660 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
റൂറൽ ഡിസിപിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. ഇരിഞ്ഞാലക്കുട ഡിവൈഎസ്പി കെജി സുരേഷിന്റെ നേതൃത്വത്തിൽ മാള സിഐ സജിൻ ശശി, ആളൂർ എസ്ഐമാരായ സുബിന്ത്, പ്രമോദ്, രാധാകൃഷ്ണൻ, ചേർപ്പ് എസ്ഐ പ്രദീപൻ, സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ബാബു ടിആർ, സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, അനൂപ്, ബിജുകുമാർ, ബിലഹരി, ആഷിക് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്. പിടിയിലായ മൂന്ന് പ്രതികളെയും ചാലക്കുടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Highlights: Three suspects arrested in major cannabis bust in Aloor, Kerala, including a KAPA-exiled criminal and a known rowdy.