പുഷ്പ 2 സിനിമയുടെ പ്രീമിയറിനിടെ തിയേറ്ററിലുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ നടന് അല്ലു അര്‍ജുനെ ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് അയച്ചു. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് നല്‍കിയത്. ഡിസംബര്‍ 13ന് അറസ്റ്റിലായ നടന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം.
ഡിസംബർ 4ന് പുറത്തിറങ്ങിയ പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദർശനം കാണാന്‍ അല്ലു അർജുനും തിയേറ്ററിലെത്തിയിരുന്നു. ഇത് വലിയ തിക്കും തിരക്കിനും കാരണമായി. സംഭവത്തിൽ യുവതിയുടെ മകനും ഗുരുതരമായി പരുക്കേറ്റിരുന്നു. കോമയിൽ കഴിഞ്ഞിരുന്ന കുട്ടി പിന്നീട് മരണമടഞ്ഞു.
ഈ സംഭവത്തെ തുടര്‍ന്ന് അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണമുണ്ടായിരുന്നു. നടന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ ഒരു സംഘം യുവാക്കളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. അക്രമി സംഘം വീട്ടിലെ ചെടിച്ചട്ടികളും ജനലുകളും തല്ലിത്തകര്‍ത്തു. തുടര്‍ന്ന് വീട്ടു വളപ്പിലെ കല്ലുകളും തക്കാളികളും ഇവര്‍ വലിച്ചെറിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
Story Highlights: Allu Arjun summoned by police for questioning regarding fan’s death during Pushpa 2 premiere