ആലപ്പുഴ കലവൂരിലെ 72 കാരിയായ സുഭദ്രയുടെ കൊലപാതകത്തിന്റെ ദുരൂഹത നീങ്ങി. സാമ്പത്തിക നേട്ടത്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതികളായ മാത്യൂസും ശര്മിളയും പൊലീസ് ചോദ്യം ചെയ്യലില് വെളിപ്പെടുത്തി. നെഞ്ചില് ചവിട്ടി വാരിയെല്ലുകള് തകര്ത്തും കഴുത്ത് ഞെരിച്ചുമാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്ന് പ്രതികള് സമ്മതിച്ചു.
കൊലപാതകത്തിനു ശേഷം സുഭദ്രയുടെ സ്വര്ണാഭരണങ്ങള് കവര്ന്നെടുത്ത പ്രതികള്, പിന്നീട് ഉഡുപ്പിയിലെത്തിയപ്പോഴാണ് അവയില് പകുതിയിലധികവും മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. ആലപ്പുഴയിലും ഉഡുപ്പിയിലുമായി വളയും കമ്മലും വിറ്റ പ്രതികള്, പിന്നീട് ഒളിവില് പോവുകയായിരുന്നു. ഓഗസ്റ്റ് നാലിനാണ് സുഭദ്രയെ കാണാതായത്. ഏഴിനു കൊലനടത്തി കുഴിച്ചിട്ടുവെന്നാണു കരുതുന്നത്. ഒന്പതിനു പ്രതികള് ഒളിവില്പ്പോയി.
കര്ണാടകത്തിലെ മണിപ്പാലില് നിന്ന് ഇന്നലെ ഉച്ചയോടെയാണ് പ്രതികളെ അന്വേഷണ സംഘം പിടികൂടിയത്. ഇന്ന് രാവിലെ ആലപ്പുഴയിലെത്തിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സുഭദ്രയുടെ വീട്ടില് ഇടയ്ക്കുവന്നു താമസിക്കാറുണ്ടായിരുന്ന ദമ്പതികളാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നത് ഞെട്ടലുളവാക്കുന്നു.
Story Highlights: Elderly woman in Alappuzha murdered for financial gain, suspects arrested