**ആലപ്പുഴ ◾:** ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടാനായി എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. കുട്ടിക്കെതിരായ അതിക്രമം 24 ന്യൂസിലൂടെയാണ് പുറംലോകം അറിഞ്ഞത്.
നാലാം ക്ലാസുകാരിക്ക് രണ്ടാനമ്മയുടെയും പിതാവിന്റെയും ക്രൂരമർദ്ദനമേറ്റ വിവരമറിഞ്ഞ് സ്കൂളിലെത്തി 24 ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ചൈൽഡ് ലൈനുമായി ബന്ധപ്പെട്ടു. തുടർന്ന് സിഡബ്ല്യുസി നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ശിശുക്ഷേമ സമിതി ജില്ലാ ഓഫീസറോടും നൂറനാട് പോലീസിനോടും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും.
ബാലാവകാശ കമ്മീഷൻ കുട്ടിക്ക് എല്ലാ സംരക്ഷണവും ഉറപ്പുവരുത്തുമെന്നും അറിയിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചു. ഇതിനു പിന്നാലെയാണ് ബാലാവകാശ കമ്മീഷനും സ്വമേധയാ കേസ് എടുത്തിരിക്കുന്നത്.
സംഭവത്തിനുശേഷം ആദിക്കാട്ടുകുളങ്ങരയിലെ ബന്ധുവീട്ടിലെത്തിച്ച കുട്ടിയെ പ്രതിയായ പിതാവ് വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് കുട്ടിയെ കൊല്ലം ശൂരനാടുള്ള കുടുംബവീട്ടിലേക്ക് മാറ്റി. പ്രതികളെ പിടികൂടാത്തതിനാൽ കുട്ടിയെ ബന്ധുവീടുകളിൽ താമസിപ്പിക്കുന്നത് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ.
പ്രതികളെ പിടികൂടാനായി ആലപ്പുഴ എസ്പി മോഹന ചന്ദ്രൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നൂറനാട് എസ് എച്ച് ഒ ശ്രീകുമാർ നേതൃത്വം നൽകുന്ന എട്ടംഗ സംഘം പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഇന്ന് കുട്ടിയെ ആലപ്പുഴ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കും.
Story Highlights : Child Rights Commission register case over parents beating child