ആലപ്പുഴ കളർകോട് ഭാഗത്ത് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് യുവാക്കൾ ദാരുണമായി മരണപ്പെട്ടു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായിരുന്നു മരിച്ചവർ. അപകടത്തിൽ പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്.
രാത്രി 9.30 ഓടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ആലപ്പുഴ-ചങ്ങനാശേരി ഭാഗത്തുനിന്ന് ആലപ്പുഴ ദേശീയപാതയിലേക്ക് വന്ന കാർ വൈറ്റിലയിൽ നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മഴയുണ്ടായിരുന്നതിനാൽ കാർ തെന്നി നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായത്. കാറിന്റെ മധ്യഭാഗമാണ് ബസിൽ ഇടിച്ചത്.
ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ ഡ്രൈവർക്ക് ഗുരുതരമല്ലാത്ത പരുക്കേറ്റു. കെഎസ്ആർടിസി ബസിന്റെ മുൻഭാഗം തകർന്നെങ്കിലും യാത്രക്കാർക്ക് പരുക്കേറ്റിട്ടില്ല. രണ്ട് വാഹനങ്ങൾക്കും അമിത വേഗതയില്ലായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടത്തിൽപ്പെട്ടവർ ലക്ഷദ്വീപ്, ചേർത്തല, കണ്ണൂർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: Four medical students killed in car-bus collision in Alappuzha, Kerala