ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിയിലെ ഡോക്ടർ പുഷ്പയ്ക്കെതിരെ പുതിയ പരാതി ഉയർന്നിരിക്കുകയാണ്. ആശുപത്രിയിൽ പ്രസവിച്ച മറ്റൊരു കുഞ്ഞിന്റെ കൈ തളർന്നുപോയതായാണ് ഇത്തവണത്തെ പരാതി. വാക്വം ഡെലിവറിക്കിടയിൽ ഉണ്ടായ പരുക്കാണ് തളർച്ചയ്ക്ക് കാരണമെന്ന് മെഡിക്കൽ കോളേജിലെ ചികിത്സാ രേഖകൾ വ്യക്തമാക്കുന്നു.
ആലപ്പുഴ തെക്കനാര്യാട് അവലുകുന്ന് പുത്തൻപുരയ്ക്കൽ ആഗേഷ്-രമ്യ ദമ്പതികളുടെ രണ്ടു മാസം പ്രായമായ പെൺകുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷിയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ രണ്ടിന് വാക്വം ഡെലിവറിയിലൂടെ ജനിച്ച കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോർജിന് മാതാവ് പരാതി നൽകിയിരിക്കുകയാണ്.
നിലവിൽ ആരോപണം നേരിടുന്ന ഡോക്ടർ പുഷ്പയാണ് ചികിത്സ നടത്തിയതും പ്രസവം എടുത്തതും. പ്രസവത്തിനായി സെപ്റ്റംബർ 29നാണ് ആശുപത്രിയിൽ അഡ്മിറ്റായത്. കുഞ്ഞിനെ വാക്വം ഉപയോഗിച്ച് പുറത്തെടുത്തതിലുണ്ടായ പിഴവാണ് വൈകല്യത്തിനു കാരണമെന്നാണ് ആരോപണം. പേശികൾക്ക് ബലമില്ലാതെ തളർന്ന കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് ഡോക്ടറെ ധരിപ്പിച്ചെങ്കിലും രണ്ടുമാസം കഴിഞ്ഞ് ഫിസിയോതെറപ്പിയിലൂടെ ശരിയാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴും ചലനശേഷി തിരിച്ചുകിട്ടിയിട്ടില്ല. കഴിഞ്ഞ വർഷം വാക്വം ഡെലിവറിയിലൂടെ ജനിച്ച ഒന്നര വയസ്സുകാരന്റെ വലതുകൈയുടെ സ്വാധീനവും ഇത്തരത്തിൽ നഷ്ടമായെന്ന പരാതിക്ക് പിന്നാലെയാണ് ഈ പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.
Story Highlights: New complaint against Alappuzha Beach Hospital doctor for alleged delivery complications